കൊച്ചി: പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിന്റെ കാൽ കാപ്പാക്കേസ് പ്രതി തല്ലിയൊടിച്ചു.
. 'പണി' സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നത് അനുകരിച്ചാണ് അതു ചെയ്തതെന്ന് പൊലീസിനു മൊഴി നൽകി. കഴിഞ്ഞ ദിവസം പിടിയിലായ താന്തോണിത്തുരുത്ത് സ്വദേശി ശ്രീരാജ് (28)
യുവാവിനെ മർദ്ദിക്കുന്ന വീഡിയോ പകർത്തി വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു.
ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് മർദ്ദിക്കുകയായിരുന്നു. ഒച്ചവച്ചാൽ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനം. യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പെൺസുഹൃത്തിന് താക്കീത് നൽകാനാണ് ഈ ദൃശ്യം വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതെന്നാണ് പ്രതിയുടെ മൊഴി.
ആക്രമണത്തിനുശേഷം ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ പെൺകുട്ടിയുടെ വീട്ടിൽ വാതിൽ തകർത്ത് കയറി. പെൺകുട്ടിയെ തള്ളി താഴെയിട്ടു. കൈയിൽ കരുതിയ കത്തികൊണ്ട് വലതു പാദത്തിൽ തുരുതുരാ കുത്തി. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചു. മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു.
വാട്സ് ആപ്പ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് ബുധനാഴ്ച വൈകിട്ട് വീടുവളഞ്ഞ് സാഹസികമായി പിടികൂടിയത്.
വാഴക്കാല സ്വദേശിയായ 19കാരിയുമായി പ്രതി സൗഹൃദത്തിലായിരുന്നു. ഈ പെൺകുട്ടിക്കൊപ്പം സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന തുതിയൂർ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്.
രണ്ടു സംഭവത്തിലും തൃക്കാക്കര പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം, പോക്‌സോ ഉൾപ്പെടെ പത്ത് കേസുകളിൽ പ്രതിയാണിയാൾ.
കാപ്പ പ്രകാരം നാടുകടത്തിയെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് വീടിരിക്കുന്ന താന്തോണിതുരുത്തിൽ താമസിക്കുകയായിരുന്നു. പിടികൂടാൻ എത്തുമ്പോൾ, കായലിൽ ചാടി രക്ഷപ്പെടുകയാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |