ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരായി ഡി.എം.കെ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന് ചെന്നൈയിൽ നടക്കും. കേരളം, തെലങ്കാന, കർണ്ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 'ഇന്ത്യാ' സഖ്യത്തിലെ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.കനിമൊഴി എം.പി, മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ, തമിഴച്ചി തങ്കപാണ്ഡ്യൻ എം.പി എന്നിവർ ചേർന്ന് സ്വീകരിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചെന്നൈയിൽ എത്തി. ഗിണ്ഡിയിലെ ഐ.ടി.സി ഹോട്ടൽ ഹാളിൽ രാവിലെ 10നാണ് പ്രതിഷേധ സംഗമം.
'ഫെഡറലിസത്തിന് ഒരു ചരിത്ര ദിനം' എന്നാണ് ഇന്നത്തെ സമരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിശേഷിപ്പിച്ചത്.
2026ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ, പാർലമെന്റിലെ ഞങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഞങ്ങൾ ആദ്യം ശബ്ദം ഉയർത്തുന്നത്. ജനസംഖ്യാ വളർച്ച വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങളെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശിക്ഷിക്കുന്നത്. 2030ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കും- സ്റ്റാലിൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
രേവന്ത് റെഡ്ഡി എത്തി
കോൺഗ്രസ് നേതാക്കളെ പരിപാടിക്ക് അയക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും ഇന്നലെ രാത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്തി.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും എത്തും.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ പാർട്ടി പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ട്.
ബിഹാർ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കോൺഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബി.ജെ.പി ഉയർത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് എ.ഐ.സി.സി തീരുമാനം വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |