SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

' ദൃ​ശ്യം​" ​ ഷൂട്ട് ചെയ്ത തൊടുപുഴയി​ൽ അതേ മോഡൽ കൊലപാതകം മുൻബിസിനസ് പങ്കാളിയെ കൊന്ന് മാലിന്യക്കുഴിയിൽ തള്ളി

Increase Font Size Decrease Font Size Print Page

k
പ്രതികളായ ജോമോൻ, ജോമിൻ,​ മുഹമ്മദ് അസ്ലം,​

കേറ്ററിംഗ് സ്ഥാപന ഉടമയും
ക്വട്ടേഷൻ സംഘവും അറസ്റ്റിൽ

തൊടുപുഴ: മുൻ ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയശേഷം ദൃശ്യം സിനിമാ മോഡലിൽ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ്ചെയ്തു. തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ (50) രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തു.

അഞ്ച് അടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം.

തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്താണ് സംഭവം. ബിജുവിന്റെ ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) സംഭവത്തിനു പിന്നിൽ. ആസ്തി പങ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. ജോമോനെയും ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25) എന്നിവരെയും അറസ്റ്റ് ചെയ്തു.

കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസനെ (27)​ ഈ സംഭവത്തിനുശേഷം അറസ്റ്റ് ചെയ്തെങ്കിലും ഇതിൽ പങ്കാളിയാണെന്ന് പിന്നീടാണ് അറിഞ്ഞത്.

വ്യാഴാഴ്ച പുലർച്ചെ 4.45ന് രാവിലെ പുറത്തേക്ക് പോയതായിരുന്നു ബിജു. കോലാനിക്ക് സമീപംവച്ച് ഓംനി വാനിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, എസ്.എച്ച്.ഒമാരായ വി.സി. വിഷ്ണുകുമാർ, ഇ.കെ. സോൾജിമോൻ, എസ്‌.ഐ എൻ.എസ്‌. റോയി, തൊടുപുഴ തഹസിൽദാർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. മഞ്ജുവാണ് മരിച്ച ബിജുവിന്റെ ഭാര്യ. മക്കൾ: അലീന, ആഷ്ലി, ആൻഡ്രൂസ. സംസ്‌കാരം നാളെ ചുങ്കം സെന്റ് മേരീസ് പള്ളിയിൽ.

വാഹനത്തിൽനിന്ന് നിലവിളി,

സി.സി.ടി.വി വഴിതെളിച്ചു

വെള്ളിയാഴ്ചയാണ് ബിജുവിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകിയത്. വാനിൽ നിലവിളി കേട്ടതായി സമീപവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് ഇരുപത് കിലോമീറ്റർ അകലെയുള്ള കലയന്താനി ചെത്തിമറ്റത്ത് എത്തി.

അവിടെയാണ് ജോമോന്റെ ഗോഡൗൺ. ഇവരുടെ തർക്കം അറിയാവുന്നതിനാൽ വെട്ടിമറ്റത്തുള്ള ജോമോന്റെ വീട്ടിലെത്തി.

ഒരു പ്രശ്നത്തിൽ പെട്ടെന്ന് പറഞ്ഞ് 25,​000 രൂപ കടം വാങ്ങി പാേയതായി സഹോദരൻ വെളിപ്പെടുത്തി. ഫോൺ ലൊക്കേറ്റ്ചെയ്ത് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ജോമോനെ പിടികൂടി.തുടർന്ന് മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു.

വാനിൽ വച്ച് മർദ്ദിക്കുകയും നിലവിളിക്കാതിരിക്കാൻ കഴുത്തിന് ചവിട്ടിപ്പിടിക്കുകയും ചെയ്തതോടെ ബിജു മരിച്ചുവെന്നാണ് സൂചന.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY