നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ദേവനോ ദേവിയ്‌ക്കോ പകരം ഒരു മുസ്ലീം സ്ത്രീയെ ആരാധിക്കുന്ന ക്ഷേത്രം നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് എത്രപേർക്ക് അറിയാം. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ജൂലാസൻ എന്ന ഗ്രാമത്തിലാണ് അത്തരമൊരു ക്ഷേത്രമുള്ളത്. ഡോല മാതാ എന്നാണ് ഈ ക്ഷേത്രത്തെ അറിയപ്പെടുന്നത്. ക്ഷേത്രത്തിലെത്തി തലകുനിച്ച് പ്രാർത്ഥിച്ച് അനുഗ്രഹം തേടുന്നതാണ് ഇവിടുത്തെ രീതി. ഗുജറാത്തിൽ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും മുസ്ലീം സ്ത്രീയെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്.
ഐതിഹ്യം
ഏകദേശം 850 വർഷങ്ങൾക്ക് മുൻപ് ജൂലാസൻ ഗ്രാമത്തിൽ കള്ളന്മാർ ഇടയ്ക്കിടെ ഇവിടെ വന്ന് കൊള്ളയടിച്ചിരുന്നു. ഒരിക്കൽ അയൽ ഗ്രാമത്തിലെ ഒരു മുസ്ലീം സ്ത്രീ ഈ ഗ്രാമത്തിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോഴാണ് കൊള്ളക്കാർ ആ ഗ്രാമത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആ സ്ത്രീയുടെ കണ്ണിൽപ്പെട്ടത്. ഉടൻ തന്നെ ആ സ്ത്രീ കൊള്ളക്കാരെ വെല്ലുവിളിച്ചു. അവരോട് പോരാടുന്നതിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചു. സ്ത്രീ ജീവൻ വെടിഞ്ഞ സ്ഥലത്ത് നാട്ടുകാർ ഒരു സമാധി സ്ഥാപിക്കുകയും പിന്നീട് അവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. സ്ത്രീ മരിച്ചുവീണിടത്ത് പിന്നീട് പൂക്കൾ വിരിഞ്ഞെന്നും പറയപ്പെടുന്നു.
പ്രത്യേകത
ഡോല മാതാ ക്ഷേത്രത്തിൽ വിഗ്രഹമില്ല. പകരം വർണ്ണാഭമായ തുണികൊണ്ട് അലങ്കരിച്ച ഒരു ശില മാത്രമേയുള്ളൂ. ദേവിയാണ് ഈ ക്ഷേത്രത്തിലെ സങ്കൽപ്പം. ഇവിടെ നവരാത്രി ആഘോഷങ്ങൾ നടക്കാറുണ്ട്. ഈ ഗ്രാമത്തിൽ ഒരു മുസ്ലീം കുടുംബം പോലുമില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. 7000 - 8000 ആളുകളുള്ള ഈ ഗ്രാമത്തിൽ 2,500 പേർ വിദേശത്താണ് താമസിക്കുന്നത്. ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഈ ഗ്രാമത്തിൽ നിന്നുള്ള ആളാണ്. സുനിത ഒമ്പത് മാസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ദിവസം ഈ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |