കൊച്ചി: പദ്ധതി നിർവഹണത്തിൽ കേരളത്തിലെ ആറ് നഗരസഭകളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. 92.48 കോടി രൂപയുടെ ജനകീയസൂത്രണ പൊതുഫണ്ട് വിഭാഗത്തിൽ 70.45 കോടിയും കഴിഞ്ഞയാഴ്ചയിൽ ചെലവഴിച്ചു. 76.18 ശതമാനമാണ് നേട്ടം.
അടുത്ത ദിവസം 15 കോടി രൂപയുടെ കൂടി ഫണ്ട് വിനിയോഗം പൂർത്തിയായാൽ 85 കോടി രൂപ ചെലവഴിക്കുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് അനുവദിച്ച പണത്തിൽ 90 ശതമാനം തുക വിനിയോഗിച്ച് കൊച്ചി ആറ് കോർപ്പറേഷനുകളിൽ ഒന്നാം സ്ഥാനം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവർഷവും ഉയർന്ന സ്ഥാനങ്ങൾ നേടിയ കൊച്ചി അഞ്ചാം സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച വിമർശനങ്ങളെത്തുടർന്ന് ബന്ധപ്പെട്ട, നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരിശോധിച്ചിരുന്നു. അസാദ്ധ്യമായ പദ്ധതികൾ മാറ്റാനും നിലവിലുള്ളവയുടെ വേഗത വർദ്ധിപ്പിക്കാനും നിർദ്ദേശിച്ചിരുന്നു.
വികസന കമ്മിറ്റി ചെയർമാൻ സി.എ. ഷക്കീർ, പദ്ധതി വിഭാഗം സൂപ്രണ്ട് സുനിൽ എന്നിവർ മികച്ച സംഭാവന നൽകി. വികസന സ്ഥിരം സമിതി മുൻ ചെയർമാൻ പി.ആർ. റെനീഷ് സ്ഥാനം ഒഴിഞ്ഞെങ്കിലും മാതൃകാപരമായി ഇടപെട്ടതും പദ്ധതി വിഹിതം ഫലപ്രദമായി വിനിയോഗിക്കാൻ സഹായിച്ചതായി മേയർ പറഞ്ഞു.
മറ്റു നേട്ടങ്ങൾ
എല്ലാ ദൗർബല്യങ്ങളും മറികടന്ന് കൊച്ചി കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ ഉപയോഗിക്കുന്ന മാതൃകയാണ് ജനകീയാസൂത്രണ പ്രവർത്തനത്തിൽ മുന്നോട്ടുവച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ രാജ്യത്ത് ഏറ്റവുമധികം പണം ചെലവഴിച്ച നഗരസഭ കൊച്ചിയാണ്.
അഡ്വ.എം. അനിൽകുമാർ
മേയർ, നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |