പത്തനംതിട്ടയിൽ റാന്നിയ്ക്കടുത്ത് പെരുനാട് കക്കാട്ടുകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ ഒരു പറ്റം വിശ്വാസികൾ ഷർട്ട് ധരിച്ചുകൊണ്ട് അടുത്തിടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് മാറ്റത്തിന് തുടക്കം കുറിച്ചത് വാർത്തകളിൽ ഇടം നേടിയ സംഭവമാണ്. കക്കാട്ടുകോയിക്കൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ്. പുരുഷൻമാർ ഷർട്ട് ധരിച്ചും സ്ത്രീകൾ മുടി അഴിച്ചിട്ടും ക്ഷേത്രത്തിനുള്ളിൽ കയറുന്നത് വിലക്കിക്കൊണ്ടുള്ള ബോർഡ് വച്ചിരിക്കുന്ന ക്ഷേത്രത്തിലാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തകരായ അൻപതോളം ആളുകൾ ഷർട്ട് ധരിച്ച് സമാധനപരമായി ദർശനം നടത്തിയത്. ഷർട്ട് ധരിക്കാതെ കയറണമെന്നാണ് ആചാരമെന്ന് ക്ഷേത്രം മേൽശാന്തി ദർശനം നടത്തിയവരെ ബോധിപ്പിച്ചു. പക്ഷെ, ഷർട്ടു ധരിച്ചു കയറുക എന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് ഭക്തർ മറുപടി നൽകി. ക്ഷേത്രത്തിലെത്തുന്നവർക്ക് ഏതാണോ ഉചിതം അതുപ്രകാരം ദർശനം നടത്താമെന്ന് ക്ഷേത്രം ഭാരവാഹികളും പറഞ്ഞു. പരിഷ്കൃത സമൂഹത്തിൽ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലെന്ന് പറയുന്നതിൽ അനൗചിത്യമുണ്ടെന്നാണ് ഇതേപ്പറ്റി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതികരിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
വിലക്ക്
എല്ലായിടത്തുമില്ല
പുരുഷൻമാർ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറാൻ പാടില്ലെന്ന് നിയമം ഉണ്ടാക്കിയത് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. ക്ഷേത്രങ്ങളിൽ ദർശനം നടുത്തുന്നതിന് ഷർട്ട് ഊരുന്നതുകൊണ്ട് പുരുഷൻമാരായ ഭക്തർക്ക് സ്ത്രീകളായ ഭക്തരേക്കാൾ എന്തു പ്രയോജനം ലഭിക്കുമെന്ന് ആരും പറഞ്ഞുകേട്ടില്ല. ക്ഷേത്രം വിശ്വാസികളുടെ പൊതു ഇടമാണ്. ആളുകൾ കൂടുന്നിടത്ത് അർദ്ധനഗ്ന ശരീരവുമായി നിൽക്കാൻ പല പുരുഷൻമാർക്കും വൈമുഖ്യമുണ്ടാകും. ആചാരം ലംഘിക്കേണ്ടെന്നു കരുതി മിണ്ടാതെ നിൽക്കുന്നുവെന്ന് മാത്രം. ചില ക്ഷേത്രങ്ങളിൽ ഭക്തരുടെ ദർശനത്തിനുള്ള ക്യൂ കിലോമീറ്ററുകൾ നീളാറുണ്ട്. അവിടെയും ഏറെ നേരം ഷർട്ട് ധരിക്കാതെ നിൽക്കേണ്ടി വരുന്ന ചില പുരുഷഭക്തർ അനുഭവിക്കുന്ന മാനസിക സംഘർഷം പറഞ്ഞറിയിക്കാനാവില്ല. ഷർട്ട് ധരിച്ച് ദർശനം പാടില്ലെന്ന ആചാരം ചില ക്ഷേത്രത്തിൽ പാലിക്കണം ചിലയിടങ്ങളിൽ പാലിക്കേണ്ടതില്ല എന്നതാണ് കണ്ടുവരുന്നത്. ശബരിമലയിൽ ദർശനം നടത്തുന്ന ഭക്തരിൽ ഏറിയ പങ്കും ഷർട്ട് ധരിച്ചാണ് ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിലെത്തുന്നത്. പുരുഷൻമാർ ഷർട്ട് ധരിച്ചും സ്ത്രീകൾ മുടി അഴിച്ചിട്ടും ദർശനം നടത്താൻ പാടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും എഴുതിവച്ചിട്ടില്ല. ഇത്തരം വിലക്കുകൾ ഏർപ്പെടുത്തുന്ന ദേവസ്വം ബോർഡിന്റെ ഭാരവാഹികൾ ശബരിമലയടക്കം മിക്ക ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചുകൊണ്ട് പ്രവേശിക്കുന്നുണ്ട്. വിലക്കുകൾ സാധാരണക്കാരായ ഭക്തജനങ്ങൾ മാത്രം പാലിക്കേണ്ട കാര്യമല്ല.
കാലാനുസൃതമായി
പരിഷ്കരിക്കപ്പെടണം
അടുത്തകാലത്തായി എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് പ്രവേശനം അനുവദിക്കണമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആചാരങ്ങളും കീഴ്വഴക്കങ്ങളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. തന്ത്രിമാരും ആചാര്യന്മാരും ഒന്നിച്ച് തീരുമാനിക്കേണ്ടതാണ് അക്കാര്യം. പണ്ട് സ്ത്രീകൾ മാറ് മറച്ച് നടക്കാൻ പാടില്ലെന്ന സമ്പ്രദായം നിലനിന്നിരുന്നു. സാമൂഹിക പരിഷ്കർത്താക്കളും സമുദായ നേതാക്കളും ഒന്നിച്ച് നിന്ന് പ്രക്ഷോഭം നയിച്ചപ്പോൾ മാറ് മറയ്ക്കൽ സമരം സ്ത്രീ മുന്നേറ്റത്തിന്റെ ഐതിഹാസികായ ഏടായി മാറി. വസ്ത്ര ധാരണത്തിൽ നിലനിന്ന അസമത്വത്തിനെതിരെ പൗരാവകാശം മുൻനിറുത്തിയുള്ള സമരം ചരിത്രപരമായ വിജയമാണ് നേടിയത്.
താഴ്ന്ന ജാതികളിൽപ്പെട്ടവർക്ക് ക്ഷേത്രാരാധനയ്ക്കും വഴി നടക്കാനുമുള്ള സ്വാതന്ത്ര്യം സമരങ്ങളിലൂടെ നേടിയെടുത്തതാണ്. അടിമത്തം നിറുത്തലാക്കിയതും പോരാട്ടങ്ങളിലൂടെയാണ്. ഇന്നത്തെ കാലത്ത് ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാൻ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവർക്ക് അതു നേടിയെടുക്കാൻ സമരങ്ങളുടെ ആവശ്യമില്ല. കക്കാട്ടുകോയിക്കൽ ക്ഷേത്രഭാരവാഹികൾ പറഞ്ഞതുപോലെ ഭക്തർക്ക് ഉചിതം ഏതാണോ അങ്ങനെ ചെയ്യാമെന്ന ആരെയും വേദനിപ്പിക്കാത്ത തീരുമാനം എടുത്താൽ മതി. ഷർട്ട് ധരിക്കാതെ ക്ഷേത്രങ്ങളിൽ കയറണമെന്നുള്ളവർ അങ്ങനെ ചെയ്യട്ടെ, ഷർട്ട് അഴിക്കാൻ വൈമനസ്യമുള്ളവർ ഷർട്ട് ധരിച്ച് തന്നെ കയറിക്കൊള്ളട്ടെ. നിലപാടിലെ ഈ വ്യക്തത കൊണ്ടാകണം കക്കാട്ടു കോയിക്കൽ ക്ഷേത്രത്തിൽ ഷർട്ട് ധരിക്കാതെ കയറിയവരെ ആരും തടയാതിരുന്നത്. സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിൽ പുരുഷൻമാർ ഷർട്ട് ധരിച്ചു കയറുന്നതിനെ വിലക്കുന്നില്ല. അവിടെ ഷർട്ട് ധരിക്കാതെ കയറി ദർശനം നടത്തുന്നവരുമുണ്ട്. ക്ഷേത്രങ്ങളിലെ ആചാര മര്യാദകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരും ആചാര്യൻമാരുമാണ്. പുരുഷന്മാർ ഷർട്ട് ധരിച്ചു കയറണ്ട എന്ന് തന്ത്രിമാർ കർശനമായി വിലക്കിയിട്ടുമില്ല.
ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ഒരു പതിറ്റാണ്ട് മുൻപ് തീരുമാനമെടത്തിരുന്നു. ചെറിയ എതിർപ്പുകളുയർന്നെങ്കിലും തീരുമാനം നടപ്പാക്കി. എന്നിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഷർട്ടിട്ട് കയറുന്നതിന് വിലക്കുണ്ട്. കാലത്തിന് അനുസരിച്ച് മാറ്റം വരുത്തുന്നതിനോട് എതിർപ്പില്ലെന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയാൽ വലിയൊരു മാറ്റത്തിന് തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |