ആചാരം ലംഘിച്ചത് എസ്.എൻ.ഡി.പി യോഗം പെരുനാട് സംയുക്ത സമിതി
റാന്നി: ഷർട്ട് ധരിച്ച് പ്രവേശിക്കരുതെന്ന ആചാരം എസ്.എൻ.ഡി.പി യോഗം പെരുനാട് സംയുക്ത സമിതി അവഗണിച്ച് ക്ഷേത്രദർശനം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലാണ് അൻപതോളംപേർ ഇന്നലെ ഷർട്ട് ധരിച്ച് പ്രവേശിച്ചത്.
രാവിലെ 9.30ഓടെയാണ് സംയുക്ത സമിതി പ്രവർത്തകരെത്തിയത്. ഷർട്ട് ധരിച്ച് ദർശനം നടത്തരുതെന്ന് അവിടെയുണ്ടായിരുന്ന മേൽശാന്തി പറഞ്ഞു. അത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും സമാധാനപരമായി ആരാധന നടത്താൻ അനുവദിക്കണമെന്നും മറുപടി പറഞ്ഞു. മറ്റ് എതിർപ്പുകളൊന്നുമുണ്ടായില്ല. ശ്രീകോവിലിന് പ്രദക്ഷിണം വച്ച് തൊഴുത് മേൽശാന്തിയിൽ നിന്ന് പ്രസാദവും വാങ്ങിയാണ് ഇവർ മടങ്ങിയത്. ഈ സമയം മറ്റു ഭക്തരും ഇവിടെ ഉണ്ടായിരുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഉണ്ടായിരുന്നില്ല.
എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്ന് എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിയമിച്ച പിന്നാക്കക്കാരനായ വി.ഐ.ബാലുവിനെ അയിത്തത്തിന്റെ പേരിൽ മാറ്റിനിറുത്തിയ തന്ത്രിമാരുടെ നിലപാടിലും പെരുനാട് സംയുക്ത സമിതി പ്രതിഷേധിച്ചിരുന്നു. ഇതുസംബന്ധിച്ച യോഗത്തിലാണ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാൻ തീരുമാനിച്ചത്.
പ്രസിഡന്റ് പ്രമോദ് വാഴാംകുഴി, സെക്രട്ടറി എ.എൻ. വിദ്യാധരൻ, ശാഖ പ്രസിഡന്റുമാരായ വി.കെ. വാസുദേവൻ വയറൻമരുതി, വി.പ്രസാദ് കക്കാട്, സി.ജി.വിജയകുമാർ,വി.എൻ. മധു,ടി.ജി. പ്രമോദ്, സുകേഷ്, സുരേഷ് മുക്കം, യൂത്ത് മൂവ്മെന്റ് റാന്നി യൂണിയൻ പ്രസിഡന്റ് സൂരജ് വയറൻമരുതി, ദീപു കണ്ണന്നുമൺ, അജയ് എന്നിവർ നേതൃത്വം നൽകി. വിവിധ ശാഖകളിലെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
''ഭക്തർക്ക് ഉചിതമെന്ന് തോന്നുന്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ ദർശനം നടത്താൻ അവകാശമുണ്ട്. അതാണ് ക്ഷേത്രം ഉപദേശക സമിതിയുടെ നിലപാട്. ഷർട്ട് ധരിച്ച് ദർശനം നടത്താമെന്ന് ദേവസ്വം ബോർഡ് തീരുമാനമെടുത്താൽ നടപ്പാക്കും.
-സുബീഷ് ഗോപാൽ
ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി
''ഷർട്ട് ധരിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ അത് പാടില്ലെന്ന് മേൽശാന്തി പറഞ്ഞു. മറ്റ് എതിർപ്പുകൾ ഉണ്ടായില്ല
-പ്രമോദ് വാഴാംകുഴി
സംയുക്ത സമിതി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |