ന്യൂഡൽഹി : മദ്യപാനശീലം മറച്ചുവച്ച് പോളിസിയെടുത്താൽ അതുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഇൻഷ്വറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. അത്തരം കേസുകളിൽ ക്ലെയിം നിഷേധിക്കാമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിൽ കലശലായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടയാളെ ഒരുമാസത്തോളം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ക്ലെയിം തേടി ഭാര്യ എൽ.ഐ.സിയെ സമീപിച്ചപ്പോൾ, മദ്യപാനശീലം മറച്ചുവച്ചത് ചൂണ്ടിക്കാട്ടി നിഷേധിച്ചു. ഭാര്യ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വരെ പോയി അനുകൂല ഉത്തരവ് സമ്പാദിച്ചപ്പോൾ, എൽ.ഐ.സി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
# ബാധിച്ചത് കരൾരോഗം
# 2013ൽ എൽ.ഐ.സിയുടെ 'ജീവൻ ആരോഗ്യ' എന്ന പോളിസിയാണ് എടുത്തത്. ഒരുവർഷമാകുമ്പോഴേക്കും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും ആത്മഹത്യാശ്രമത്തിനും ക്ലെയിം ലഭിക്കില്ലെന്ന് പോളിസിയിൽ വ്യവസ്ഥയുണ്ട്. ഫോമിൽ 'മദ്യപാനമുണ്ടോ?' എന്ന ചോദ്യമുണ്ടായിരുന്നു. കടുത്ത മദ്യപാനി ആയിരുന്നെങ്കിലും
'ഇല്ല' എന്ന മറുപടിയാണ് എഴുതിയത്.
# ഹൃദയാഘാതമാണ് മരണകാരണമെങ്കിലും, മദ്യപാനം കാരണമുണ്ടായ കരൾ രോഗമാണ് ഹൃദയാഘാതം വരെയെത്തിച്ചത്. അതിനാൽ ഇൻഷ്വറൻസ് ക്ലെയിം നിഷേധിച്ച എൽ.ഐ.സിയുടെ നടപടി ശരിയാണെന്ന് സുപ്രീംകോടതി നിലപാടെടുത്തു.
# ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന് മൂന്നുലക്ഷം രൂപ മരിച്ചയാളുടെ ഭാര്യയ്‌ക്ക് കൈമാറിയിരുന്നു. ഭർത്താവ് മരിച്ചതിനെ തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടും മാനസികവിഷമവും നിലനിൽക്കുന്ന സാഹചര്യത്തിൽ ആ തുക തിരികെ വാങ്ങേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |