മോസ്‌കോ: ഉഭയകക്ഷി ബന്ധം എക്കാലത്തെയും ഉയർന്ന തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉടൻ ഇന്ത്യയിലെത്തും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവാണ് ഇക്കാര്യം അറിയിച്ചത്. തീയതി നിശ്ചയിച്ചിട്ടില്ല. എന്നാൽ,സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം രണ്ട് തവണ മോദി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലായിൽ മോസ്കോയിൽ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും ഒക്ടോബറിൽ കസാനിലെ ബ്രിക്സ് ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുത്തിരുന്നു. അന്ന് മോദി പുട്ടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദി തന്റെ ഉറ്റസുഹൃത്താണെന്ന് കൂടിക്കാഴ്ചകൾക്കിടെ ആവർത്തിച്ച പുട്ടിൻ ഇന്ത്യയിലേക്ക് വരുമെന്ന സൂചനകളും നൽകിയിരുന്നു.
മോദിയുടെ ക്ഷണം പുട്ടിൻ സ്വീകരിച്ചെന്ന് ലവ്റൊവ് സ്ഥിരീകരിച്ചു. 'മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി ഞങ്ങളുടെ ഊഴമാണ് " ലവ്റൊവ് പറഞ്ഞു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്സ് കൗൺസിൽ സംഘടിപ്പിച്ച 'റഷ്യ ആൻഡ് ഇന്ത്യ: ടുവാർഡ് എ ന്യൂ ബൈലാറ്ററൽ അജൻഡ" എന്ന കോൺഫറൻസിനെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു ലവ്‌റൊവ്. യുക്രെയിൻ സംഘർഷം തുടങ്ങിയ ശേഷമുള്ള പുട്ടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാകുമിത്.
ലക്ഷ്യങ്ങൾ
വ്യാപാരം, ഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പ്രതിരോധ കരാറുകളും ലക്ഷ്യം
റഷ്യൻ ആർമിയിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനം
2030ഓടെ ഇന്ത്യ - റഷ്യ ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 100 ബില്യണിനു മേൽ വർദ്ധിപ്പിക്കും. നിലവിൽ ഇത് ഏകദേശം 60 ബില്യൺ ഡോളർ
ചെന്നൈ - വ്ലാഡിവോസ്റ്റോക്ക് സമുദ്റ ഇടനാഴിയിലൂടെ വ്യാപാരം പുതിയ തലത്തിൽ എത്തിക്കും
സംഘങ്ങളായെത്തുന്ന, ഇരുരാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ പരസ്പരം പ്രവേശനം നൽകാനും വിസാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്താനും ചർച്ച
ട്രംപിനെ മറികടക്കാൻ
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കിടെയാണ് ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ റഷ്യ നീങ്ങുന്നത്. യു.എസ് ഭീഷണികളെ ചെറുക്കാൻ ഇന്ത്യയും ചൈനയും ഒന്നിച്ചുനിൽക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്റി വാംഗ് യീയും ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മ ശക്തമാക്കുക റഷ്യയുടെ ലക്ഷ്യം. ബ്രിക്സിനെതിരെയും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |