ന്യൂഡൽഹി: രാജ്യത്ത് അശാന്തി പരത്താൻ വരുന്ന വിദേശീയരെ കർശനമായി നേരിടാൻ ലക്ഷ്യമിട്ടാണ് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ആർക്കും കടന്നു വരാനുള്ള ധർമ്മശാല അല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എം.പിമാരുടെ ഭേദഗതികൾ തള്ളി ശബ്ദ വോട്ടോടെ ബിൽ ലോക്‌സഭ പാസാക്കി.
വിനോദ സഞ്ചാരത്തിനും വിദ്യാഭ്യാസത്തിനും രാജ്യത്തെ വികസനത്തിന് സംഭാവന നൽകാനും വരുന്നവരെയും ഇന്ത്യ സ്വാഗതം ചെയ്യുമെന്ന് ഷാ പറഞ്ഞു. അശാന്തി പരത്തുന്നവരെയും രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവരെയും കർശനമായി നേരിടും. മ്യാൻമാർ,ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് സുരക്ഷാ ഭീഷണിയാണ്. രാജ്യത്ത് വന്നുപോകുന്നവർ ആരെന്ന് കൃത്യമായി അടയാളപ്പെടുത്താനുള്ള വ്യവസ്ഥകൾ പുതിയ ബില്ലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിൽ നീതിയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിനും ചികിത്സയ്‌ക്കുമായി നാട്ടിലെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സാമ്പത്തിക-സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രേമചന്ദ്രൻ അവതരിപ്പിച്ച 9 ഭേദഗതികൾ തള്ളി.
ബില്ലിൽ എമിഗ്രേഷൻ ഓഫീസർമാർക്ക് അമിത അധികാരവും അതിരുകടന്ന അധികാരങ്ങളും അനുവദിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിയൊരുക്കുമെന്ന് സി.പി.എം എംപി കെ രാധാകൃഷ്ണൻ പറഞ്ഞു. പ്രത്യേക സമുദായങ്ങളെ ഉന്നം വച്ചാണിത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കി വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഉള്ള വ്യവസ്ഥ വിദേശ പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ബാധിച്ചേക്കാം.
പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശ പൗരന്മാർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം പിഴയും വ്യാജ രേഖയുമായി വരുന്നവർക്ക് തടവ് 7 വർഷവും 10 ലക്ഷം പിഴയും ശിക്ഷ വിധിക്കുന്നതാണ് ബിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |