വില്ലൻ വേഷങ്ങളിലൂടെ തമിഴ് സിനിമകളിൽ പ്രശസ്തി നേടിയെടുത്തിരുന്ന നടനായിരുന്ന രഘുവരൻ. നടി രോഹിണിയുമായുളള രഘുവരന്റെ വിവാഹവും വേർപിരിയലും സിനിമാ ലോകത്ത് ചർച്ചയായതായിരുന്നു. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് രഘുവരന്റെ ജീവിതത്തിലുണ്ടായ ചില ദുരന്തങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'രഘുവരൻ എന്ന നടന്റെ അഭിനയസിദ്ധി അറിയാത്ത ഒരാളും സിനിമാലോകത്ത് ഉണ്ടാകണമെന്നില്ല. അഡയാർ ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹത്തിന് അഭിനയം ഒരു തപസ്യയായിരുന്നു. അഭിനയിക്കാൻ അവസരം ചോദിച്ചെത്തിയ രഘുവരന് ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ആറടി ഒരിഞ്ച് ഉയരമുളള രഘുവരന് പറ്റിയ നായികയെ എവിടെ നിന്ന് കിട്ടാനാണ് എന്നതായിരുന്നു പരിഹാസം.പണത്തിന് വേണ്ടിയല്ലായിരുന്നു സിനിമയിൽ എത്തിയതെന്ന് രഘുവരൻ മുൻപ് പറഞ്ഞിട്ടുണ്ട്. കക്ക എന്ന ചിത്രത്തിൽ നടി രോഹിണിയുടെ ജോടിയായും അദ്ദേഹം അഭിനയിച്ചിരുന്നു.
രഘുവരൻ 'ചെന്നൈ കിംഗ്സ്' എന്ന നാടക കമ്പനിയിൽ ചേർന്നു. അന്ന് ആ കമ്പനിയിൽ തമിഴിലെ പ്രശസ്ത നടൻ നാസറും അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് വർഷത്തോളം രഘുവരൻ നാടക കമ്പനിയിൽ പ്രവർത്തിച്ചു. പിന്നീട് അദ്ദേഹത്തിന് തമിഴ് സിനിമയിൽ മോശമല്ലാത്ത വേഷങ്ങൾ ലഭിച്ച് തുടങ്ങി. സംസാരം അത് മിൻസാരം എന്ന ചിത്രത്തിലെ രഘുവരന്റെ അഭിനയം ഏറെ ശ്രദ്ധേയമായി. പിന്നീട് അദ്ദേഹം കൂടുതൽ തിളങ്ങിയത് വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ്.
രജനികാന്തിന് അദ്ദേഹത്തോട് സ്‌നേഹവും അടുപ്പവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകളിലും രഘുവരനായിരുന്നു വില്ലൻ. എന്നാൽ കമലഹാസൻ ചിത്രങ്ങളിൽ നിന്ന് അദ്ദേഹത്തെ അകറ്റി നിർത്തുകയാണ് ചെയ്തത്. അഭിനയത്തിൽ രഘുവരൻ കമലഹാസനെ കടത്തി വെട്ടുമോയെന്ന സംശയമാണെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഫിലോസഫി ഇഷ്ടപ്പെട്ടിരുന്ന രഘുവരൻ ലഹരി ഉപയോഗിക്കാനും തുടങ്ങി. 1996ലായിരുന്നു രഘുവരന്റെയും രോഹിണിയുടെയും വിവാഹം. എട്ട് വർഷം അവർ ഒരുമിച്ച് ജീവിച്ചു. ആ ദാമ്പത്യം വേർപിരിയാനും കാരണം ലഹരിയായിരുന്നു. രോഹിണിയോടൊപ്പമാണ് മകൻ താമസിച്ചിരുന്നത്.
രഘുവരൻ മരിക്കുന്നതിന് പത്ത് ദിവസം മുൻപ് മകനെ കാണാൻ വന്നിരുന്നതായും രോഹിണി പറഞ്ഞിട്ടുണ്ട്. നീ എന്റെ മകളായിരുന്നുവെന്നും രഘുവരൻ രോഹിണിയോട് പറഞ്ഞിരുന്നു. 2008 മാർച്ച് 19നാണ് അദ്ദേഹം വിടപറഞ്ഞത്. മരണകാരണം ഹൃദയാഘാതമായിരുന്നു. അതിലേക്ക് നയിച്ചത് ലഹരി ഉപയോഗമായിരുന്നു'- അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |