ഒമ്പതുമാസം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്ന സുനിത വില്യംസ് എന്ന ഇതിഹാസം ഭൂമിയുടെ മടിത്തട്ടിലേക്ക് വീണ്ടുമെത്തിയിട്ട് കഷ്ടിച്ച് ഒരാഴ്ചയാകുന്നതേയുള്ളു. നീലാകാശത്തിൽ ജീവന്റെയും സ്നേഹത്തിന്റെയും നിറത്തെയും പൊരുളിനെയും കുറിച്ചാവും ഇന്ത്യയ്ക്ക് എല്ലാ രീതിയിലും അഭിമാനിക്കാവുന്ന സുനിത ഏറെയും ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ ആ അഭിമാനത്തിളക്കത്തെ ഇല്ലാതാക്കുന്നതാണ് മനുഷ്യസൃഷ്ടിയായ കറുപ്പും വെളുപ്പുമെന്ന മനോഭാവം വീണ്ടും വിവാദമാകുന്നത്. ഇന്ത്യയുടെ അഭിമാനമായ രാഷ്ട്രപതിയെ ചില കുബുദ്ധികൾ അപഹസിച്ചതും മറക്കാറായിട്ടില്ല. നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടതും, അതു മറികടന്നതും ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ കഴിഞ്ഞ ദിവസം വിവരിച്ചത് സമൂഹ മന:സാക്ഷിയെ നോവിക്കുന്നതാണ്. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വി. വേണുവുമായുള്ള താരതമ്യപ്പെടുത്തലുകളിൽ അധികവും നിറത്തെ അടിസ്ഥാനമാക്കിയായിരുന്നു. കേട്ടു കേട്ട് അത് ശീലമായെന്നും അവർ സൂചിപ്പിക്കുകയുണ്ടായി.
സ്നേഹത്തിന്റെ നിറത്തിൽ അഭിരമിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന്റെ അന്തരീക്ഷത്തിലേക്ക് വിഷവിത്തുകൾ എറിഞ്ഞവർ ആധുനിക വേഷവും മോടികളുമുള്ള ശുദ്ധവിവരദോഷികളാണ്. ഇക്കൂട്ടരുടെ എണ്ണം ഒട്ടും കുറവല്ലെന്ന് സമൂഹവുമായി അടുത്തിടപഴകുന്നവർക്ക് മനസിലാകും. വർണപ്രപഞ്ചം അപാരമാണെങ്കിലും എല്ലാം ഏഴു നിറങ്ങളിലൊതുങ്ങുന്നു. ആ സപ്തവർണങ്ങളും മഴവില്ലിലും വെണ്മയിലും കുടിയിരിക്കുന്നു. കറുപ്പും വെളുപ്പും ചേർന്നതാണ് നമ്മുടെ ദിനങ്ങൾ. ഭൂമിയുടെ ഒരുഭാഗത്ത് പകലായിരിക്കുമ്പോൾ മറുഭാഗത്ത് രാത്രിയായിരിക്കും. പ്രകൃതിക്കോ ഈശ്വരനോ നിറവ്യത്യാസമില്ല. വേദങ്ങളിലോ പുരാണങ്ങളിലോ ഏതെങ്കിലും നിറത്തിന് പ്രത്യേക മഹാത്മ്യം കല്പിക്കുന്നില്ല. കാലചക്രം തിരിയുമ്പോൾ ഉണ്ടാകുന്ന ഭ്രമങ്ങളും തോന്നലുകളും മാത്രമാണ് വർണഗണനകൾ. അജ്ഞാന തിമിരം ബാധിച്ച ചില വ്യവസ്ഥിതികളും ചിന്തകളുമാണ് വെളുപ്പിനും കറുപ്പിനും ഉച്ചനീചത്വം ചമച്ചതും കല്പിച്ചതും. അയിത്തവും അനാചാരങ്ങളും പോറ്റിവളർത്തിയവർ നിറങ്ങളിലും ഉച്ചനീചത്വം കലർത്തി. മനുഷ്യരെല്ലാം ഒന്നാണെന്നും സ്നേഹത്തിന്റെ നിറം എവിടെയും എക്കാലത്തും ഒന്നാണെന്നും മഹാത്മാക്കളായ ഋഷിവര്യന്മാരും ആചാര്യന്മാരും മനുഷ്യരാശിയെ പഠിപ്പിച്ചിട്ടും നിറത്തിന്റെ പേരിലുള്ള ഭേദചിന്തകൾ ലോകത്ത് പലേടത്തും അറിഞ്ഞും അറിയാതെയും നിലനിൽക്കുന്നു.
ക്രൂരവും പ്രകൃതി വിരുദ്ധവുമായ ഈ മനോഭാവത്തിന് ഇരകളാകുന്നത് നിരപരാധികളും നിഷ്കളങ്കരുമായ മനുഷ്യരുടെ മനസാണ്. അമ്മയുടെ ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് നാലാം വയസിൽ നൊമ്പരത്തോടെ ചോദിച്ച സ്വന്തം ബാല്യത്തെ ശാരദാ മുരളീധരൻ ഓർമ്മിക്കുന്നു. ഇതേപോലെ എത്രയെത്ര കുട്ടികൾ ഇങ്ങനെ ചിന്തിച്ചിരിക്കാം. സ്വന്തം മനസിനോടും സമൂഹത്തോടും ചോദിച്ചിരിക്കാം. ഇത്തരം നിർണായകമായ ചോദ്യങ്ങളോട് തികഞ്ഞ നിസംഗതയാണ് എക്കാലവും സമൂഹം പുലർത്തിയിട്ടുള്ളത്. മറ്റുള്ളവരെ ചെറുതായെങ്കിലും അപഹസിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ സംഖ്യ ഒരു കാലത്തും കുറവല്ല. നവജാതശിശുവിനെ സ്നേഹഭാവേന കാണാൻ പോകുന്ന ചിലർ കുഞ്ഞിന്റെ നിറത്തിലാണ് ആദ്യം ശ്രദ്ധിക്കുന്നത്. കല്യാണ ആലോചനയുമായി വരുന്നവരും നിറത്തിൽ ശ്രദ്ധിച്ച് അതിന്റെ പേരിൽ വിലപേശുന്നതും യുവതിക്കും ബന്ധുക്കൾക്കും മനോവിഷമം ഉണ്ടാക്കുന്നതും അപൂർവമല്ല. വിദ്യാസമ്പന്നരെന്നും വിശാലഹൃദയരെന്നും സ്വയം അഭിമാനിക്കുന്നവർപോലും ഈ വർണവേട്ടക്കാരുടെ ഗണത്തിൽപെടുന്നു എന്നതാണ് അതിശയം.
ശ്രീനാരായണഗുരുവിന്റെ 'പിണ്ഡനന്ദി" എന്നു കൊച്ചുകാവ്യത്തിൽ മാതൃഗർഭത്തിൽ പ്രകൃതിയും ദൈവവും നൽകുന്ന വിലപ്പെട്ട വരദാനത്തെ വാഴ്‌ത്തുന്നുണ്ട്. പിറവിയിൽ ലഭിക്കുന്ന നിറവും ഗുണഗണങ്ങളും സിദ്ധികളും ദൈവത്തിന്റെ സംഭാവനയാണ്. അതിൽ അഭിമാനിച്ച് സ്വയം ആനന്ദിച്ച് ജീവിക്കുകയാണ് മനുഷ്യന്റെ കടമ. ബാഹ്യശരീരത്തിന്റെ നിറത്തെ നിന്ദിക്കുന്നത് ശരിക്കും ദൈവനിന്ദയാണ്. ശാസ്ത്രവും സമൂഹവും ഇത്രയേറെ പുരോഗമിച്ചിട്ടും സഹജീവികളെ സഹോദരങ്ങളായി കാണാൻ കഴിയാത്ത മനോഭാവം പ്രാകൃതമാണ്. ഇപ്പോൾ ബാഹ്യശരീരത്തിന്റെ രൂപത്തിലും പ്രൗഢിയിലും അഭിമാനിച്ചു കഴിയുന്നവർ അടുത്ത ജന്മത്തിൽ എന്തൊക്കെയായി മാറുമെന്ന് പൂന്താനത്തിന്റെ ജ്ഞാനപ്പാന ഓർമ്മിപ്പിക്കുന്നുണ്ട്. പുറംതൊലിയുടെ നിറമല്ല സ്നേഹത്തിന്റേയും ചേതനയുടേയും പൊരുളാണ് അറിയേണ്ടത്. അതാണ് യഥാർത്ഥ പുരോഗമനവും നവോത്ഥാനവും. ഈ സത്യം ഗ്രഹിക്കാത്തവർ മറ്റുള്ളവരുടെ ആനന്ദം കാർന്നുതിന്നുന്ന മനുഷ്യരൂപമെടുത്ത കീടങ്ങൾ മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |