പൂനെ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് പൂനെ പൊലീസ്. മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന കവിസംഗമം പരിപാടിയുടെ വേദി രണ്ടുതവണയാണ് പൊലീസ് മാറ്റിയത്. പൂനെ നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ നടത്താൻ നിശ്ചയിച്ച പരിപാടിക്കായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. പൊലീസ് നടപടി ആർ.എസ്.എസ് സമ്മർദംമൂലമാണെന്ന് ആരോപണമുണ്ട്.
പരിപാടിയുടെ വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത് നിഗഡിപ്രാധികരണിലുള്ള വീർസവർക്കർ സദനിലായിരുന്നു. എന്നാൽ, ചില കേന്ദ്രങ്ങളിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് ഹാളിന്റെ ഉടമ ‘ബുക്കിംഗ്’ റദ്ദാക്കുകയായിരുന്നു. തുടർന്നാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് പരിപാടി മാറ്റിയത്. എന്നാൽ, ഇവിടെയും പരിപാടി നടത്താനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസ് പാഞ്ചജന്യം ഹാളിൽ പരിപാടി നടത്താനുള്ള അനുവാദം റദ്ദാക്കിയെന്ന് അറിയിക്കുന്നത്. ഉയർന്ന പൊലീസുദ്യോഗസ്ഥരടക്കം അമ്പതോളം പൊലീസുകാർ ക്ഷേത്രത്തിലെത്തിയിരുന്നു.
തുടർന്ന് പരിപാടിയുടെ സംഘാടകനായ ‘വാഗ്ദേവത’ മാനേജിംഗ് എഡിറ്ററും ജില്ലാ കോൺഗ്രസ് ഉപാദ്ധ്യക്ഷനുമായ എൻ.ജി. ഹരിദാസിന്റെ ഓഫീസ് പരിസരത്തേക്ക് വേദി മാറ്റുകയായിരുന്നു. നിശ്ചയിച്ചതിലും രണ്ടുമണിക്കൂർ വൈകി ആരംഭിച്ച പരിപാടി മന്ത്രി സുധാകരൻ ഉദ്ഘാടനംചെയ്തു. ശബരിമല വിഷയത്തിൽ മന്ത്രി എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ആർ.എസ്.എസ്. ഉൾപ്പെടെയുള്ള ചില സംഘടനകൾ നേരത്തേ ഈ പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |