തിരുവനന്തപുരം: കേന്ദ്രവുമായി തർക്കം അവസാനിപ്പിച്ച്, വിഴിഞ്ഞം തുറമുഖത്തിന് 817.80 കോടി വയബിലിറ്റി ഗ്യാപ്പ്ഫണ്ട് വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പകരം, തുറമുഖത്തു നിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം പങ്കുവയ്ക്കണം. 12,000 കോടിയോളം തിരിച്ചടയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉടക്കിനിന്നത്.
വായ്പയല്ലാതെ ഒറ്റത്തവണ ഗ്രാന്റായി നൽകണമെന്ന് മുഖ്യമന്ത്രി കത്തെഴുതിയിട്ടും ഫലം കണ്ടില്ല. തുടർന്നാണ് വി.ജി.എഫ് സ്വീകരിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. തുറമുഖ കമ്മിഷനിംഗിന് പ്രധാനമന്ത്രിയെ സർക്കാർ ക്ഷണിക്കും.
വി.ജി.എഫിന് പകരം, അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പലിശരഹിത കേന്ദ്ര വായ്പ തേടാമെന്നായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദ്ദേശം. ഇതിന് 50 വർഷ കാലാവധി കിട്ടും. ഇത് തള്ളിയാണ് വി.ജി.എഫ് വാങ്ങാൻ തീരുമാനിച്ചത്.
തുറമുഖ കമ്മിഷനിംഗിന് ശേഷമാണ് വി.ജി.എഫ് അദാനിക്ക് നൽകേണ്ടത്. പണം നൽകുന്നത് അദാനിക്കാണെങ്കിലും തിരിച്ചടവിന് സംസ്ഥാനം കരാറൊപ്പിടണം. തിരിച്ചടവ് മുടക്കിയാൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ നൽകുന്ന വിഹിതത്തിൽ കുറവുചെയ്യും.
817.80 കോടി വി.ജി.എഫ് 2034 മുതൽ ലാഭവിഹിതത്തിൽ നിന്ന് തിരിച്ചടയ്ക്കണമെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ വ്യക്തമാക്കിയിരുന്നു. ഇതിൽ ഇളവുണ്ടാകില്ല.
സംസ്ഥാന വി.ജി.എഫ്
365.10കോടി
അദാനിക്ക് സർക്കാർ നൽകേണ്ട വി.ജി.എഫ് 365.10കോടിയായാണ്. 189.90കോടി ഇപ്പോൾ നൽകണം. എല്ലാഘട്ടവും പൂർത്തിയായശേഷം 175.20 കോടിയും.
വിഴിഞ്ഞത്തിന്
മാത്രം തിരിച്ചടവ്
അടിസ്ഥാന സൗകര്യ വികസനത്തിൽ സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കാനാണ് കേന്ദ്രം വി.ജി.എഫ് നൽകുന്നത്
2005 മുതൽ 238 പദ്ധതികൾക്ക് 23,665കോടി വി.ജി.എഫായി അനുവദിച്ചു. പക്ഷേ, വിഴിഞ്ഞത്തിന് മാത്രമാണ് തിരിച്ചടവ് വ്യവസ്ഥ
2,15,000 കോടി
ആദ്യ 40 വർഷം തുറമുഖത്തെ വരുമാനം
48,000 കോടി
36 വർഷ പ്രവർത്തനകാലയളവിൽ സർക്കാരിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |