സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. നാലുലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പാണ് ഇനി. മേയ് മാസം വരെ അതിനായി കാത്തിരിക്കേണ്ടിവരും. മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ളസ് വണിന് പ്രവേശനം ലഭിക്കാൻ ഇപ്പോഴേ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒഴിവുകാലം എന്നൊരു സമ്പ്രദായം പാടേ ഇല്ലാതായിരിക്കുന്നു എന്നു പറയാം. സ്‌കൂൾ ദിനങ്ങളിലെന്നവണ്ണം കുട്ടികൾ പുസ്തകസഞ്ചിയുമായി തേരാപ്പാരാ ഓടുന്ന കാഴ്ചയാണ് എങ്ങും. മുൻ വർഷങ്ങളിലെപ്പോലെ മൂല്യനിർണയം അത്ര ഉദാരമായിരിക്കില്ല എന്ന സർക്കാർ നയം നേരത്തേതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തരക്കടലാസിൽ രണ്ടക്ഷരം കുറിച്ചിട്ടാൽ പാസ് മാർക്ക് ലഭിക്കില്ലെന്നു സാരം.
ഓരോ വിഷയത്തിനും നിശ്ചയിച്ചിട്ടുള്ള മിനിമം മാർക്ക് എന്ന കടമ്പ കടന്നാലേ മേൽ ക്ളാസിലേക്ക് പ്രവേശനമുള്ളൂ എന്ന നയം കർശനമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. പഠനകാലം മുഴുവൻ ഉഴപ്പി നടന്നവർ പരീക്ഷയിൽ അതിന്റെ വില കൊടുക്കേണ്ടിവരികതന്നെ ചെയ്യും. കഴിഞ്ഞ കുറെ വർഷങ്ങളായി എസ്.എസ്.എൽ.സിക്ക് റെക്കാഡ് വിജയമായിരുന്നു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെട്ടതുകൊണ്ടൊന്നും ആയിരുന്നില്ല ഈ വിജയം. തോറ്റവരാരും കാണരുതെന്ന തീരുമാനമാണ് ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചത്. പത്താം ക്ളാസ് പരീക്ഷയിലെ അഭൂതപൂർവമായ ഈ വിജയം ഹയർ സെക്കൻഡറി പ്രവേശനത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അതുകൊണ്ടാകണം വിജയം പരിമിതപ്പെടുത്താനുള്ള തീരുമാനം. വിഷയങ്ങൾക്ക് നിശ്ചിത ശതമാനം മാർക്ക് നേടുന്നവരെ മാത്രം ആദ്യ റൗണ്ടിൽ ജയിപ്പിച്ചാൽ മതിയെന്നാണ് തീരുമാനം. തോൽക്കുന്നവർക്കു വേണ്ടി 'സേ" പരീക്ഷയുമുണ്ട്. അതിൽ ജയിക്കുന്നവർക്കാകും ക്ളാസ് കയറ്റം.
കുറഞ്ഞ മാർക്ക് നേടുന്ന കുട്ടികളുടെ മനസ്സിൽ ഇടത്തീ വീഴ്‌ത്തി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പിന്റെ ഒരു തീരുമാനം വന്നു. ഇക്കുറി പ്ളസ് വണിന് സംസ്ഥാനത്ത് അധിക ബാച്ച് ഉണ്ടാവില്ലെന്നായിരുന്നു ആ പ്രഖ്യാപനം. നിലവിലുള്ള ബാച്ചുകൾക്ക് ഉൾക്കൊള്ളാനാവുന്നത്ര കുട്ടികളേ പത്താം ക്ളാസ് പരീക്ഷയിൽ വിജയിക്കുന്നുള്ളൂവെങ്കിൽ ഈ പ്രഖ്യാപനത്തിൽ തെറ്റില്ല. മറിച്ചാണെങ്കിലേ പ്രശ്നമുള്ളൂ. കഴിഞ്ഞ വർഷം ഒരിക്കലല്ല, പലതവണ പ്ളസ് വണിന് സീറ്റും ബാച്ചും വർദ്ധിപ്പിക്കേണ്ടിവന്നു. കൂട്ടിക്കൂട്ടി കുട്ടികളെക്കാൾ അധികം ബാച്ചുകളായി. ഫലമോ? നൂറുകണക്കിനു സീറ്റുകളിൽ ചേരാൻ വിദ്യാർത്ഥികൾ ഇല്ലാതായി. ഈ പശ്ചാത്തലത്തിലാകാം ഇക്കുറി നേരത്തേ അധിക ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം. ഒരു കണക്കിന് നല്ല തീരുമാനമാണിത്.
പത്താം ക്ളാസ് വിജയശതമാനം നോക്കിയിട്ടു മാത്രം എത്ര ബാച്ചുകൾ വേണമെന്നു തീരുമാനിക്കുന്നതിൽ ഒരു അപാകതയുമില്ല. പ്ളസ് വൺ പ്രവേശനത്തിൽ കച്ചവടമുറപ്പിച്ച് പണം പിരിക്കാനിരിക്കുന്ന മാനേജർമാർക്കു മാത്രമേ സർക്കാരിന്റെ ഈ നിലപാട് വിഷമമുണ്ടാക്കുകയുള്ളൂ. പുതിയ ബാച്ച് ഇക്കുറി ഇല്ല എന്നു കേൾക്കുന്ന മാത്രയിൽ പണസഞ്ചിയുമായി തിരുവനന്തപുരത്തേക്ക് ഓടാൻ നിൽക്കുന്ന മാനേജർമാർ ധാരാളമുണ്ട്. എങ്ങനെയും തങ്ങളുടെ സ്കൂളുകളിൽ അധിക ബാച്ച് അനുവദിപ്പിക്കാൻ അവർ ശ്രമം തുടരാതിരിക്കില്ല. പക്ഷെ, നിയന്ത്രണം വരുന്നത് നല്ലതു തന്നെയാണ്. പഠിച്ചു പരീക്ഷയെഴുതുന്ന കുട്ടികൾ മാത്രം ജയിക്കുന്ന ഒരു കാലം വരുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഉയർച്ചയെയാണ് കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |