തിരുവനന്തപുരം: മാർച്ച് 30, 31തീയതികൾ പൊതുഅവധിയായത് ഇത്തവണ സാമ്പത്തിക വർഷാവസാനത്തിൽ പ്രതിസന്ധിയായി. ഇതുമൂലം ബില്ലുകൾ സ്വീകരിക്കുന്നത് ഇന്നലെ അവസാനിപ്പിച്ചു. ഇതിനുശേഷം കിട്ടുന്ന ബില്ലുകൾ ക്യു സംവിധാനത്തിലേക്ക് മാറ്റേണ്ടിവരും. പ്രോസസിംഗിന് സമയം കിട്ടാത്തതാണ് കാരണം.
ഇതുവരെ പ്ളാനിംഗ് പദ്ധതിയിൽ 90 ശതമാനം ബില്ലുകളും കിട്ടിയെന്നാണ് കണക്ക്. വായ്പാതിരിച്ചടവ്, ക്രമീകരണങ്ങൾ, പലിശയടച്ച് റീസെറ്റിൽമെന്റ്, കുടിശികകൾ തീർപ്പാക്കൽ തുടങ്ങി സാമ്പത്തിക വർഷാവസാനം നിർവ്വഹിക്കേണ്ട ചെലവുകളാണ് പൂർത്തിയാക്കിവരുന്നത്.
30,31തീയതികൾ അവധിയാണെങ്കിലും ധനകാര്യവകുപ്പും ട്രഷറിയും പ്രവർത്തിക്കും. പ്ളാനിംഗ് ചെലവുകൾ പരമാവധിയിൽ എത്തിക്കാനാണ് ശ്രമം. കഴിഞ്ഞ വർഷം 26000 കോടിയായിരുന്നു ചെലവ്.
വായ്പ കിട്ടി; ഞെരുക്കം മാറി
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ മാർച്ചിൽ സാമ്പത്തിക ഞെരുക്കം കുറവാണ്. കേന്ദ്രം അധികം നിയന്ത്രിക്കാതെ വായ്പകൾ അനുവദിച്ചതുമൂലം 13000 കോടിയിലേറെ രൂപയാണ് കിട്ടിയത്. കഴിഞ്ഞ വർഷം കേന്ദ്രനിലപാടിനെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയിട്ടും വായ്പ ഏപ്രിൽ ഒന്നിന് മുമ്പ് കിട്ടിയിരുന്നില്ല. ഇത്തവണ 50000 കോടിയിലേറെ രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ഇതോടെ ഏപ്രിൽ മുതലുള്ള ശമ്പള, പെൻഷൻ വിതരണത്തിനും പ്രതിസന്ധിയില്ല.
രാഷ്ട്രീയ താത്പര്യങ്ങളോടെയുള്ള ചില നടപടികൾ മാറ്റിവച്ചാൽ കേന്ദ്ര നിലപാട് സുതാര്യവും നീതിപൂർവ്വവുമായിരുന്നു
- കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |