കൊച്ചി: ചാക്കുകണക്കിന് സ്വർണത്തരികളടങ്ങിയ മണ്ണ് നൽകാമെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽ ഗുജറാത്ത് സംഘത്തിന്റെ വൻ തട്ടിപ്പ്. തമിഴ്നാട് നാമക്കല്ലിലെ സ്വർണപ്പണിക്കാരും മുംബയ് സ്വദേശിയും തട്ടിപ്പിന് ഇരയായി. മുംബയ് സ്വദേശിക്ക് രണ്ടു കോടിയും സ്വർണപ്പണിക്കാർക്ക് 80 ലക്ഷവുമാണ് നഷ്ടമായത്.
തട്ടിപ്പ് സംഘത്തിന്റെ നോർത്ത് ജനതാ റോഡിലെ ഓഫീസ് ഗോഡൗണിൽ നിന്ന് 21 ടൺ മണ്ണ് കണ്ടെടുത്തു. സ്വർണപ്പണിക്കാരുടെ പരാതിയിൽ തട്ടിപ്പ് സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമ്മേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവർ കടവന്ത്രയിൽ നിന്നാണ് പിടിയിലായത്. മുംബയ് സ്വദേശിയിൽ നിന്ന് പണം തട്ടിയെന്ന് പ്രതികളുടെ മൊഴിയുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ല. ഈ മാസം ആദ്യമായിരുന്നു സംഭവം.
സ്വർണാഭരണ നിർമ്മാണശാലകളും മറ്റും വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മണ്ണ് വാങ്ങി, ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് വിൽക്കുന്നതാണ് പരാതിക്കാരുടെ ബിസിനസ്. ഇടനിലക്കാരൻ മുഖേനയാണ് ഇവർ സൂറത്ത് സ്വദേശികളുടെ കൈവശം സ്വർണമണ്ണുണ്ടെന്ന് അറിഞ്ഞത്. ഈ മാസം ആദ്യം പാലാരിവട്ടത്തെത്തി അഞ്ച് കിലോ സാമ്പിൾ മണ്ണ് വാങ്ങി ശുദ്ധീകരിച്ചപ്പോൾ 200 മില്ലിഗ്രാം സ്വർണം കിട്ടി.
വീണ്ടും സാമ്പിൾ പരിശോധിച്ചപ്പോഴും മാറ്റമുണ്ടായില്ല. ഇതോടെ കിലോയ്ക്ക് 1600 രൂപ നിരക്കിൽ അഞ്ച് ടൺ സ്വർണമണ്ണിന് ഇടപാടുറപ്പിച്ചു. 50 ലക്ഷം രൂപ കൈയോടെയും 30 ലക്ഷം രൂപയ്ക്ക് തുല്യമായി രണ്ട് ചെക്കുകളും നൽകി. മണ്ണ് കൊണ്ടുപോകുന്നതിന് മുമ്പ് കൂടുതൽ സാമ്പിൾ പരിശോധിക്കാൻ നൽകണമെന്ന് സ്വർണപ്പണിക്കാർ ആവശ്യപ്പെട്ടതോടെ സൂറത്ത് സ്വദേശികൾ നൽകില്ലെന്ന് അറിയിച്ചു. ഇതോടെ സ്വർണപ്പണിക്കാർ പണം തിരികെ ചോദിച്ചു. 20 ശതമാനം സർവീസ് ചാർജ് ഈടാക്കി ബാക്കി നൽകാമെന്ന് സൂറത്ത് സ്വദേശികൾ അറിയിച്ചതോടെ തട്ടിപ്പിനിരയായവർ പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി. രാജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം എസ്.എച്ച്.ഒ രൂപേഷ്, എസ്.ഐമാരായ ഒ.എസ്. ഹരിശങ്കർ, ജി. കലേശൻ, എ.എസ്.ഐമാരായ സിഷോഷ് പി.വി, ഷാനിവാസ് ടി.എം, എസ്.സി.പി.ഒമാരായ ജോസി കെ.പി, അനീഷ് എൻ.എ. ശ്രീക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
സ്വർണമണ്ണ് തട്ടിപ്പ് ഇങ്ങനെ:
മണ്ണിൽ നിന്ന് 5 കിലോഗ്രാം സാമ്പിൾ, വാങ്ങാൻ എത്തുന്നവരെക്കൊണ്ട് എടുപ്പിക്കും. ത്രാസ് വച്ചിരിക്കുന്ന മേശയ്ക്കുള്ളിൽ ഇതിന് മുമ്പേ പ്രതികളിൽ ഒരാൾ കയറിയിരിക്കും. ത്രാസിൽ ഇടുന്ന മണ്ണിലേക്ക് മേശയിലെ ദ്വാരം വഴി ഇയാൾ സ്വർണലായനി സിറിഞ്ചുവഴി പകരും. വാങ്ങാൻ എത്തുന്നവരുടെ ശ്രദ്ധ മറ്റ് പ്രതികൾ തെറ്റിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |