തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. നേരിട്ട് പറയാൻ ധെെര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നുവെന്നും സിനിമയെ സിനിമയായി കാണണമെന്നും ആസിഫ് അലി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടെെൻമെന്റ് എന്ന നിലയിൽ കാണണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാൻ ധെെര്യം ഇല്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം. സെെബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കും',- ആസിഫ് അലി വ്യക്തമാക്കി.
'എമ്പുരാൻ' വിവാദത്തിന് വഴിവച്ചതോടെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചെങ്കിലും വിഷയം കെട്ടടങ്ങുന്നില്ല. സംഭവത്തിൽ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നമ്മളെല്ലാവരും ഒന്നാണ് എന്ന ആശയമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എമ്പുരാൻ പുതിയ പതിപ്പ് ഇന്ന് മുതൽ പ്രദർശനം തുടങ്ങും. മൂന്ന് മിനിട്ടുള്ള ഭാഗങ്ങൾ നീക്കിയെന്നാണ് വിവരം. അവധിദിവസമായിട്ടും ഇന്നലെ സെൻസർ ബോർഡ് പ്രത്യേകം യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 17 സീനുകളിൽ മാറ്റം വരുത്തുന്നതോടൊപ്പം വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
എമ്പുരാൻ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചതോടെ മോഹൻലാൽ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. മോഹൻലാലിന്റെ സമൂഹ മാദ്ധ്യമത്തിലെ കുറിപ്പ് പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജും നിലപാട് വ്യക്തമാക്കി. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു. ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്താണ് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ഒരുമിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |