കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം. മാതാപിതാക്കൾ നേരിട്ട് വിചാരണക്കോടതിയിൽ ഹാജരാകുന്നതിലും ഇളവ് കോടതി നൽകിയിട്ടുണ്ട്.
തങ്ങളെ പ്രതിചേർത്ത സി ബി ഐ നടപടി റദ്ദാക്കണമെന്നും കേസിൽ തുടരന്വേഷണം നടത്തണമെന്നുമാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കുട്ടികളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ കൂട്ടുനിന്നെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നുമാണ് സി ബി ഐയുടെ വാദം.
പെൺകുട്ടികളുടെ മാതാപിതാക്കളോട് ഈ മാസം 25ന് ഹാജരാകണമെന്ന് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസിൽ ഇവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.
സി ബി ഐ രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിൽ ആറിലും മാതാപിതാക്കളെ പ്രതി ചേർത്തിട്ടുണ്ട്. പീഡനത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ മൗനം പാലിച്ചു. യഥാസമയം പൊലീസിൽ വിവരമറിയിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. മാതാപിതാക്കളെ സാക്ഷികളാക്കിയായിരുന്നു ഇതിനുമുമ്പ് റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |