വിതുര: തിരക്കേറിയ പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടം തുടർക്കഥയാകുന്നു. തൊളിക്കോട് മുതൽ വിതുര വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങളും അപകടമരണങ്ങളും അരങ്ങേറുന്നത്. അഞ്ച് വർഷത്തിനിടയിൽ പത്ത് പേരുടെ ജീവനാണ് വിതുര തൊളിക്കോട് റോഡിൽ മാത്രം പൊലിഞ്ഞത്. അമിതവേഗവും, അശ്രദ്ധയുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് പരാതി. അപകടങ്ങൾ പതിവായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിതുര ചേന്നൻപാറയ്ക്കു സമീപം ഇലക്ട്രിക്സ്കൂട്ടറും, കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി തൽക്ഷണം മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. അടുത്തിടെ ചേന്നൻപാറ കോസലം മംഗളവേദിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മത്സ്യവ്യാപാരിയും മരണപ്പെട്ടിരുന്നു,
ബൈക്ക് റേസിംഗ് സംഘങ്ങളും
പൊൻമുടി പാതയിൽ ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. ബൈക്കുകളുടെ ഘടന മാറ്റിമറിച്ച് അമിതവേഗതയിൽ ജനത്തിനു ഭീഷണിയായാണ് യുവസംഘങ്ങൾ ചീറിപ്പായുന്നത്. പ്രായപൂർത്തിയാകാത്തവരും ബൈക്കിൽ ചുറ്റുന്നത് ദൃശ്യമാണ്. ഇതിനൊപ്പം കഞ്ചാവ്, എം.ഡി.എം.എ വില്പനസംഘങ്ങളും സജീവമാണ്. വഴിപോക്കരെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്. പൊൻമുടി-കല്ലാർ റൂട്ടിൽ ഇത്തരം സംഘങ്ങൾ ടൂറിസ്റ്റുകൾക്കും തലവേദനയാണ്. പരിശോധന ശക്തിപ്പെടുത്തുമെന്ന് വിതുര, പെൻമുടി പൊലീസ് അറിയിച്ചു.
5 വർഷം, 10 മരണം
തൊളിക്കോട് വിതുര റോഡിൽ അപകടങ്ങളില്ലാത്ത ദിനങ്ങൾ വിരളമാണ്. അഞ്ച് വർഷത്തിനിടയിൽ പത്ത് പേരാണ് അപകടങ്ങളിൽ മരിച്ചത്. തൊളിക്കോട് മുതൽ മന്നൂർക്കോണം വരെയുള്ള ഭാഗത്ത് നാലുപേരും കല്ലാർ വിതുര റൂട്ടിൽ മൂന്നുപേരും അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും യുവാക്കളാണ്. അപകടങ്ങളുടെ എണ്ണം നൂറ് കടക്കും. ഹൈവേ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി അമിതവേഗക്കാരെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപകടമരണങ്ങൾ
ചേന്നൻപാറ-2
വിതുര വേളാങ്കണ്ണി പള്ളിക്ക് സമീപം-2
പുളിമൂട്-1
തൊളിക്കോട്-1
പേരയത്തുപാറ-1
ശിവൻകോവിൽജംഗ്ഷൻ-1
കല്ലാർ-1
ആനപ്പാറ-1
വിതുര, തൊളിക്കോട് റോഡിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് തടയിടണം.വിതുര മുതൽ തൊളിക്കോട് വരെ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |