കോഴിക്കോട്: നിത്യ ഹരിത നായിക ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനം 'ഷീലാസ് സ്റ്റാർ ആർട്ട് സർപ്രൈസ്' ഇന്ന് മുതൽ 17 വരെ കേരള ലളിതകലാ അക്കാഡമിയിൽ നടക്കും. അക്രിലിക്കിലും എണ്ണച്ചായങ്ങളിലുമായി ഷീല വരച്ച 139 ലേറെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. കുട്ടിക്കാലം മുതൽക്കേ ചിത്രം വര ഇഷ്ടമുള്ള നടിയുടെ മൂന്നാമത്തെ ചിത്രപ്രദർശനമാണിത്. പ്രദർശനത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 ന് ടൗൺഹാളിൽ നടക്കും. ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുക ക്യാൻസർ രോഗികൾക്കായി നൽകുമെന്ന് ഷീല വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രദർശനത്തിലെ ചിത്രങ്ങൾക്കെല്ലാം പേര് നൽകിയത് ഷീലയുടെ മകനായ ജോർജ് വിഷ്ണുവാണ്. സാംസ്കാരിക ചലചിത്രപ്രവർത്തകരായ 10 പേർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം 11. 30 ന് ഷീലയും കഥയും കഥാപാത്രങ്ങളും വിഷയത്തിൽ ചലച്ചിത്ര പ്രഭാഷണം നടക്കും. ഉച്ചക്ക് ശേഷം ചിത്രകാരന്മാരായ സിഗ്‌നി ദേവരാജ്, നൗഷാദ് വെല്ലാശ്ശേരി, ബഷീർ കിഴിശ്ശേരി എന്നിവർ കാരിക്കേച്ചർ വരച്ച് നൽകും. അതിൽ നിന്ന് കിട്ടുന്ന തുക ചാരിറ്റിക്ക് നൽകും. അകാലത്തിൽ വിട്ട് പിരിഞ്ഞ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ ഓർമ്മകൾ പങ്ക് വെക്കും. വൈകിട്ട് ആറിന് ഗസൽ ഗായകരായ റഫീഖ് യൂസഫ്, അൽക്കാ അഷ്ക്കർ എന്നിവർ ഗസൽ സന്ധ്യ അവതരിപ്പിക്കും. ഷീലയുടെ മകൻ ജോർജ് വിഷ്ണു, എം.കെ. അശോകൻ, ആസിഫ് അലി കോമു, ബേബി മാത്യു സോമതീരം, സജ്ന മഹ്മൂദ്, സുധീഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |