ആലപ്പുഴ: കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേക്കരയിൽ പുന്നമടഭാഗത്തേക്കുള്ള റോഡ് അടയ്ക്കുകയും ഔട്ട് പോസ്റ്ര് ഭാഗത്ത് താത്കാലിക ബണ്ട് റോഡ് തുറക്കുകയും ചെയ്തതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. വൈ.എം.സി.എ- ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് പുന്നമട ഭാഗത്തേക്കുള്ള വാഹനങ്ങൾ കോടതിപ്പാലത്തിലേക്കും, കോടതിപ്പാലത്തിൽ നിന്ന് മിനി സിവിൽ സ്റ്റേഷൻ പുന്നമടറോഡിലേക്കും രണ്ട് പ്രാവശ്യം തിരിയേണ്ടിവരുന്ന സാഹചര്യം ഒഴിവായതോടെയാണ് കോടതിപ്പാലത്തിലെ ഗതാഗതക്കുരുക്ക് അഴിഞ്ഞത്.
പരിഷ്കാരം നിലവിൽ വന്ന ചൊവ്വാഴ്ച, ഗതാഗതക്കുരുക്ക് പതിവായ സമയങ്ങളിൽ പോലും അത് ഉണ്ടായില്ല. മാത്രമല്ല, കോടതിപ്പാലത്തിലും മുല്ലയ്ക്കൽ തെരുവ് റോഡിലും സാധാരണ ഉണ്ടാകുന്ന ഗതാഗത കുരുക്കും കാണാനായില്ല.
ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി പുന്നമടഭാഗത്തേക്കുള്ള വാഹനങ്ങൾ ഔട്ട് പോസ്റ്റിനടുത്ത് കനാലിന് കുറുകെ പുതുതായി നിർമ്മിച്ച താത്കാലിക ബണ്ട് റോഡിലൂടെ വേണം ഇനി പോകാൻ. രണ്ട് വരിയായി വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന ഈവഴിലൂടെയാണ് ഇപ്പോൾ പുന്നമടയിലേക്കും തിരിച്ചുമുള്ള ഗതാഗതം സജ്ജമാക്കിയിട്ടുള്ളത്.
ഹൈമാസ്റ്റ് ലൈറ്റുകൾ ഉടൻ നീക്കും
ഗതാഗതം വഴിതിരിച്ചുവിട്ടതിന് പിന്നാലെ കനാലിന്റെ വടക്കേക്കരയിലെ പൈലിംഗ് ജോലികൾ ആരംഭിച്ചു
രണ്ട് ദിവസത്തിനകം പാലത്തിന്റെ പടിഞ്ഞാറെക്കരയിലെ റിഗ് കൂടി എത്തിച്ച് വേഗത്തിൽ പൈലിംഗ് പൂർത്തിയാക്കും
കോടതിപ്പാലം പാലം പൊളിക്കുന്നതിന് മുന്നോടിയായുള്ള ഗതാഗത പരിഷ്കാരത്തിനായി ട്രയൽ റൺ
ഇതിനായി വൈ.എം.സി.എ, കൈചൂണ്ടി എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ നീക്കം ചെയ്യും
ലൈറ്റുകൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ പണം നഗരസഭ പൂർണമായി അടച്ചിരുന്നില്ല
ഇത് ഉടൻ അടച്ച് ലൈറ്റുകൾ മാറ്റി സ്ഥാപിക്കാനാണ് ആലോചന
കനാലിന്റെ വടക്കേക്കരയിൽ റോഡ് അടച്ച് പൈലിംഗ് ആരംഭിച്ചു. ഇത് വേഗത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം തെക്കേക്കരയിലെ പൈലിംഗിന് മുന്നോടിയായുള്ള ഗതാഗത പരിഷ്കാരത്തിന്റെ ട്രയൽ റൺ ആരംഭിക്കാനുള്ള നടപടികളിലാണ്
- കെ.ആർ.എഫ്.ബി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |