ആലപ്പുഴ : പത്ത് മണിക്കൂർ നീണ്ട കർഷകപ്രതിഷേധത്തിനൊടുവിൽ നെല്ലെടുക്കാൻ ധാരണയായെങ്കിലും ഇന്നലെയും നിസ്സഹകരണം തുടർന്ന് മില്ലുടമകൾ. കിഴിവ് തർക്കത്തിൽ സംഭരണം തടസപ്പെട്ടതോടെയാണ് ചൊവ്വാഴ്ച മങ്കൊമ്പ് പാഡി ഓഫീസിൽ കർഷകർ പ്രതിഷേധവുമായെത്തിയത്. സബ് കളക്ടർ എത്തി നടത്തിയ ചർച്ചക്കൊടുവിൽ രാത്രി എട്ടരയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കിഴിവ് കൂടുതൽ നൽകുമ്പോൾ കർഷകർക്ക് അധികമായി ഉണ്ടാകുന്ന നഷ്ടം 9ന് മുമ്പ് മുഖ്യമന്ത്രിയെ ധരിപ്പിക്കാമെന്ന ഉറപ്പിലാണ് കർഷകർ വഴങ്ങിയത്.
തുടർന്ന് ഇന്നലെ മുതൽ നെല്ല് സംഭരിക്കാൻ തീരുമാനിച്ചെങ്കിലും മില്ലുടമകൾ നെല്ലെടുത്തില്ല. നെല്ലിന്റെ ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ കിഴിവ് നൽകിയാൽ ഇന്നുമുതൽ സംഭരിക്കാമെന്ന് മില്ലുടമകളുടെ അസോസിയേഷൻ ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളിലെ വിളവെടുത്ത നെല്ലിന്റെ മൂന്നിൽ രണ്ട് ഭാഗവും പാടശേഖരങ്ങങ്ങളിൽ കെട്ടിക്കിടക്കുകയാണ്. അഞ്ചുപാടശേഖരങ്ങളിലായി 1400ലോഡ് നെല്ലാണ് കെട്ടിക്കിടക്കുന്നത്.
കർഷകർ അംഗീകരിച്ച കിഴിവ്
പതിനാലായിരം കായലിൽ 3 കി.
മണിയങ്കരി പാടശേഖരത്തി 2.5കി.
പുളിങ്കുന്ന് മേച്ചിൽ വാക്കിൽ 3കി.
പെരുമാനിക്കരിയിൽ 4കി.
ഉമ്പുക്കാട്ട് വരമ്പിനകം തെക്ക് 4കി.
കഷ്ടപ്പാട് പാഴാകാതിരിക്കാനാണ് മില്ലുടമകളുടെ പിടിവാശിക്ക് മുന്നിൽ കീഴടങ്ങിയത്. കിഴിവു മൂലം ഉണ്ടാകുന്ന നഷ്ടത്തിന്റെ വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ച് പരിഹാരം കാണാമെന്ന കളക്ടറുടെ നിർദ്ദേശം അംഗീകരിച്ചാണ് ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ കിഴിവ് നൽകാൻ തയ്യാറായത്.
- സോണിച്ചൻ, നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |