ശിവഗിരി: വൈക്കം ക്ഷേത്രത്തിൽ സമുദായം തിരിച്ചു വിളക്കെടുക്കുന്ന ചടങ്ങിനെ അതിവർത്തിച്ചു ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിളക്കെടുപ്പിൽ പങ്കാളികളാകാം എന്ന് തീരുമാനമെടുത്ത ദേവസ്വം ബോർഡിനെയും വകുപ്പ് മന്ത്രി വി. എൻ.വാസവനെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിനന്ദിച്ചു. ദേവസ്വം ബോർഡിന്റെ തീരുമാനത്തെ ഉൾക്കൊള്ളുവാൻ സൻമനസ് കാട്ടിയ വൈക്കം ക്ഷേത്രത്തിലെ തന്ത്രി പ്രമുഖരെയും ശിവഗിരി മഠം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ടുപോയ ദുരാചാരങ്ങളെ മുറുകെ പിടിക്കുകയല്ല, പരിഷ്കൃത ജനതയ്ക്ക് ചേരുന്ന വിധം ജാതിവ്യത്യസത്തിനതീതമായി ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ എല്ലാവർക്കും തുല്യപ്രാധാന്യം എന്നതായിരുന്നു ഗുരുദേവദർശനത്തിന്റെ അടിസ്ഥാനതത്വമെന്നും സ്വാമി പറഞ്ഞു.
നായർ താലപ്പൊലി, ഈഴവ താലപ്പൊലി, വിശ്വകർമ്മ താലപ്പൊലി, പുലയതാലപ്പൊലി, ധീവരതാലപ്പൊലി എന്നിങ്ങനെ ജാതി തിരിച്ചുള്ള താലപ്പൊലി സമ്പ്രദായം വൈക്കം ക്ഷേത്രത്തിൽ നിലനില്‍ക്കുന്നതായി അറിയുന്നു. സമുദായം തിരിച്ചു നടന്നുവരുന്ന ഈ സമ്പ്രദായം ക്ഷേത്രസംസ്കാരത്തിന് മാത്രമല്ല ആധുനിക കേരളത്തിന് തന്നെ അപമാനമാണ്. വൈക്കത്തെ എസ്.എൻ.ഡി.പി യോഗം പ്രസ്ഥാനവും ഇതിൽ പങ്കാളികളാകുന്നത് തികച്ചും ഖേദകരവും അപമാനകരവുമാണ്. ഈ ജാതി താലപ്പൊലികൾ ഇല്ലാതാക്കാനും ബന്ധപ്പെട്ടവർ ഇടപെടണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |