കാസർകോട്: പള്ളിക്കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കബർസ്ഥാനിലെ മണ്ണുമാറ്റിയതിന് കേസിൽ കുടക്കിയ ജെ.സി.ബി ഉടമ തങ്കരാജിന് ബാങ്കിന്റെ ജപ്തി നോട്ടീസും. ജെ.സി.ബി വാങ്ങിയതിനെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനാണ് നോട്ടീസ്. ജെ.സിബിയാകട്ടെ ഒന്നരു വർഷത്തിലേറെയായി പൊലീസ് സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുക്കുകയാണ്. ഇൻഡസ് ഇൻഡ് ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ചിൽ നിന്ന് 26 ലക്ഷത്തിന്റെ വായ്പയാണെടുത്തത്. കുടിശ്ശിക 1,13,489 രൂപയുണ്ട്.
പടന്ന ഗണേഷ് മുക്കിലെ പള്ളിവളപ്പിൽ നിന്ന് മണ്ണ് നീക്കി അനധികൃത പരിവർത്തനം ചെയ്തെന്ന് കാണിച്ച് തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. കൃഷി ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ചന്തേര പൊലീസാണ് ജെയസി.ബി കസ്റ്റഡിയിലെടുത്തത്. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ മണ്ണ് നിക്ഷേപിച്ചെന്നാണ് ആക്ഷേപം. എന്നാൽ, പള്ളിക്കമ്മിറ്റി വിളിച്ചപ്രകാരം കൂലിക്ക് ജെ.സി.ബി ഓടിക്കുക മാത്രമാണ് തങ്കരാജ് ചെയ്തത്. പള്ളിക്കാരെ ഒഴിവാക്കി തങ്കരാജിനെ മാത്രം പ്രതിചേർത്തു. ഇതുസംബന്ധിച്ച് കഴിഞ്ഞ നവംബർ 18ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
44.85 ലക്ഷം രൂപ പിഴയാണ് തങ്കരാജിന് വിധിച്ചത്. കൂലിപ്പണിയെടുത്തു കുടുംബം പോറ്റുന്ന തങ്കരാജിന് ഭീമമായ തുക ഒടുക്കാൻ നിർവ്വാഹമില്ലായിരുന്നു. 2024 ജൂലായിൽ ജെ.സി.ബി കണ്ടുകെട്ടി. പള്ളി കമ്മിറ്റിക്കാർ സഹായിച്ചതുമില്ല.
തന്നെ ബോധപൂർവ്വം കുടുക്കിയതാണെന്നും കുടുംബം പോറ്റാൻ ജെ.സി.ബി വിട്ടുതരണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് തങ്കരാജ് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കാസർകോട് ജില്ലാ കളക്ടർക്ക് പരാതി കൈമാറി. തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടി പൂർത്തിയായ കേസ് വീണ്ടും പരിഗണിക്കാൻ നിർവ്വാഹമില്ലെന്നും 30 ദിവസത്തിനകം ജില്ലാ കോടതിയിൽ അപ്പീൽ പോകാനും 2024 ഡിസംബർ 12ന് കളക്ടർ മറുപടി നൽകി. അതേസമയം, ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടി പള്ളി കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ കേസിൽ കക്ഷിചേർന്നിരിക്കയാണ് തങ്കരാജ്.
കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടുന്ന അവസ്ഥയിലാണ്. ആകെ അറിയാവുന്ന തൊഴിലിനുവേണ്ടി വാങ്ങിയ ജെ.സി.ബി നഷ്ടമായി. ഇപ്പോഴിതാ ജപ്തി നോട്ടീസും
-തങ്കരാജ്, ഭാര്യ സുചിത്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |