പ്രമാടം : വന്യമൃഗശല്യവും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും നടുവൊടിച്ച കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി രാസവള വിലക്കയറ്റവും. കേന്ദ്രസർക്കാർ രാസവള സബ്സിഡി വെട്ടിക്കുറച്ചതാണ് വില വർദ്ധനവിന് പ്രധാന കാരണം. രാസവളങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. യൂറിയ മാത്രമാണ് ഇപ്പോൾ സബ്സിഡിയുടെ പരിധിയിലുളളത്. മറ്റുവളങ്ങളെയല്ലാം സബ്സിഡിയിൽ നിന്ന് ഒഴിവാക്കി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കയറ്റിറക്ക് കൂലി വർദ്ധനവും വളങ്ങളുടെ വില വർദ്ധനവിന് കാരണമാകുന്നു. വേനൽമഴ പെയ്ത് തുടങ്ങിയതോടെ കാർഷിക വിളകൾക്ക് വളം ഉപയോഗിക്കുന്ന സമയമാണിത്.
പൊട്ടാഷ് വില കുതിക്കുന്നു
രാസവളങ്ങളിലെ പ്രധാനിയായ പൊട്ടാഷിന് മൂന്ന് മാസത്തിനിടെ 600 രൂപയാണ് വർദ്ധിച്ചത്. 1000 രൂപയായിരുന്ന 50 കിലോഗ്രാം ചാക്കിന് ഇപ്പോൾ 1600 രൂപയാണ് വില. ചില്ലറയായി വാങ്ങുകയാണെങ്കിൽ വീണ്ടും വർദ്ധിക്കും. മിക്ക കോംപ്ളക്സ് വളങ്ങൾക്കും പൊട്ടാഷ് ചേരുന്നതിനാൽ ഈ വളങ്ങൾക്കും ആനുപാതികമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നൈട്രജൻ - ഫോസ്ഫറസ് - പൊട്ടാസ്യം വളങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഡൈ അമോണിയം ഫോസ്ഫേസ്റ്റ്, സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻ.പി.കെ കോംപ്ളക്സ്, രാജ്പോക്സ്, ഫാക്റ്റംപോക്സ്, 16-16-16 എൻ.പി.കെ മിശ്രിതം എന്നിവയ്ക്കെല്ലാം വില വർദ്ധിച്ചിട്ടുണ്ട്. ഒരു ചാക്കിന് നൂറ് മുതൽ നാനൂറ് രൂപ വരെ വില വർദ്ധനവാണ് മിക്ക വളങ്ങൾക്കും ഉണ്ടായിരിക്കുന്നത്.
നെൽ കർഷകരും പ്രതിസന്ധിയിൽ
ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില വർദ്ധിച്ചത് നെല്ല് കർഷകരെ പ്രതിസന്ധിയിലാക്കി. 1140 രൂപയായിരുന്ന ഒരു ചാക്കിന് ഇപ്പോൾ 1300 രൂപയായാണ് വർദ്ധിച്ചത്.
നടപടി വേണം
രാസവള വില നിയന്ത്രണത്തിന് നടപടി വേണമെന്ന് പാടശേഖര സമിതികളും കർഷക സംഘടനകളും ആവശ്യപ്പെട്ടു. വന്യമൃഗങ്ങളും വേഴാമ്പലുകളും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് വളത്തിനും വില വർദ്ധിച്ചത്.
ന്യൂട്രിയന്റ് സബ്സിഡി പോളിസി
ന്യൂട്രിയന്റ് സബ്സിഡി പോളിസി പ്രകാരമാണ് കേന്ദ്രസർക്കാർ വളത്തിന്റെ വിലയും സബ്സിഡിയും നിർണയിക്കുന്നത്. യൂറിയയെ മാത്രം വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവയെ പട്ടികയുടെ പുറത്താക്കിയതും ഫോസ് ഫറസ്, പൊട്ടാഷ് വളങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി.
ഫോസ് ഫറസ്, പൊട്ടാഷ് വളങ്ങൾക്ക്
നൽകിയ ന്യൂട്രിയന്റ് സബ്സിഡി :
2023 - 65199 കോടി
2024 - 52310 കോടി
2025 - 49000 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |