കോഴിക്കോട്: വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്, വഖഫ് ബില്ലിൻ്റെ ഡ്രാഫ്റ്റ് കത്തിച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി.പി അഷ്‌റഫലി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മത വിശ്വാസത്തെ ഇല്ലാതാക്കാനുള്ള എൻ.ഡി.എ സർക്കാരിൻ്റെ കിരാത നിയമങ്ങൾക്കെതിരെ രാജ്യത്തിൻ്റെ തെരുവുകളിൽ ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിലേക്ക് ആർക്കും കടന്നുവരമെന്ന വ്യവസ്ഥ കാരണം നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് വഖഫ് സ്വത്തുകളാണ്. ഇന്ത്യയിൽ വഖഫ് ബോർഡിൻ്റെ കീഴിൽ നിരവധി വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ ഇവയുടെയെല്ലാം പ്രവർത്തനം അവതാളത്തിലാകും. ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമാണ് ഇത്. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളോടൊപ്പം യൂത്ത് ലീഗും പ്രതിഷേധത്തിൽ അണിചേരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്ക് റീത്ത് വയ്ക്കുന്ന മോദി- ഷാ ഭരണകൂടം ബില്ലിൽ നിന്ന് പിന്നോട്ട് പോകണമെന്ന് സമരം ആവശ്യപ്പെട്ടു. ഫാത്തിമ തഹലിയ, മിസ്ഹബ് കീഴരിയൂർ, മൊയ്തീൻ കോയ തുടങ്ങിയവർ നേതൃത്വം നൽകി.
വഖഫ് ബിൽ: ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി
കോഴിക്കോട്: കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്ന വഖഫ് നിയമ ഭേദഗതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച എം.കെ രാഘവൻ എം.പി യുടെ ഔദ്യോഗിക വസതിയിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന കോൺഗ്രസിനും സി.പി.എമ്മിനും എന്തിനാണ് വഖഫ് ബില്ലിനെ എതിർക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്ന മുസ്ലിം സംഘടനകൾക്കും ബില്ലിലെ മുസ്ലിം വിരുദ്ധത എന്താണെന്ന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. ബിൽ ജെ.പി.സി പരിഗണയിൽ ഇരുന്നപ്പോൾ സുതാര്യമായി എല്ലാവർക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയിരുന്നു. കേരളത്തിൽ വഖഫിനെതിരെ നടക്കുന്ന സമരങ്ങൾ സ്വകാര്യ താല്പര്യത്തിന് വേണ്ടിയാണെന്നും രാജ്യം ഭരിക്കുന്ന സർക്കാർ ബില്ലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി പ്രകാശ് ബാബു, ദേവദാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |