പത്തനംതിട്ട : ജ്വലിക്കുന്ന പന്തവുമായി കടമ്മനിട്ടയുടെ 'കുറത്തി ' അരങ്ങിലെത്തി. കരനാഥൻമാരുടെ മുഖത്തേക്ക് മുറുക്കിത്തുപ്പി അവൾ ചോദിച്ചു- " നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുകൊന്നെന്നോ.. ?" പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ നാടക പ്രവർത്തക പ്രിയതാ ഭരതനാണ് കടമ്മനിട്ടയുടെ കവിതയായ കുറത്തിയുടെ ദൃശ്യാവിഷ്കാരം നടത്തിയത്. സാംസ്കാരിക കേരളത്തിൽ ഇടിമുഴക്കമായി മാറിയ കവിതയ്ക്ക് ഏകാഭിനയത്തിലൂടെ പുതിയ ഭാഷ്യം ചമയ്ക്കുകയായിരുന്നു പ്രിയത. അടിസ്ഥാന വർഗത്തെ അവഗണിച്ചും ചൂഷണം ചെയ്തും പീഡിപ്പിച്ചും പാർശ്വവത്കരിക്കുന്ന മേലാളൻമാർക്കുനേരെ വിരൽചൂണ്ടുകയായിരുന്നു കവിതയിലൂടെ കടമ്മനിട്ട. കവിതയ്ക്ക് കഥാസന്ദർഭം കൂടി ഒരുക്കിയായിരുന്നു പ്രിയതയുടെ അവതരണം. വരേണ്യരുടെ പീഡനങ്ങളാൽ സഹികെട്ട് മുലവലിച്ചു പറിച്ചെറിഞ്ഞ് പുരമെരിക്കാൻ കണ്ണിൽ അഗ്നിയുമായി വരുന്ന കുറത്തി അരങ്ങിൽ നിന്ന് സമൂഹത്തിലേക്ക് വിരൽചൂണ്ടിയത് വേറിട്ട ആഖ്യാനമായി മാറി.
അഞ്ചൽ ശബരിഗിരി ബി.എഡ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും പന്തളം സ്വദേശിയുമായ പ്രിയതാഭരതൻ പ്രഭാഷക, അഭിനയ പരിശീലക, സംവിധായിക, എഴുത്തുകാരി എന്നീ നിലകളിലും ശ്രദ്ധേയയാണ്. വയലാർ രാമവർമ്മയുടെ രാവണപുത്രി എന്ന കവിത, മാധവിക്കുട്ടിയുടെ കോലാട് എന്ന കഥ തുടങ്ങിയവ ഏകപാത്ര നാടകമാക്കി അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തനംതിട്ട നഗരസഭയിലെ ഹരിത കർമ്മസേനയ്ക്കു വേണ്ടി തയ്യാറാക്കിയ തെരുവുനാടകം പിന്നീട് ഷോർട്ട് ഫിലിമാക്കിയിരുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമായി ഇരുപതോളം നാടകങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ചരിത്ര സംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന പന്തളം ഭരതന്റെയും കാർത്ത്യായനിയുടെയും മകളാണ്. മഹാത്മാഗാന്ധി സർവകലാശാലയിലെ സെക്ഷൻ ഒാഫീസറും കവിയും നോവലിസ്റ്റുമായ ഡോ.രതീഷ് കുമാറിന്റെ ഭാര്യയാണ്. പദ്മ രതീഷ്, പാർത്ഥാ രതീഷ് എന്നിവരാണ് മക്കൾ. ഇവരും നാടകരംഗത്തും ചിത്രരചനയിലും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |