റാന്നി : കരാറുകാരൻ പിന്മാറിയതോടെ അത്തിക്കയം കൊച്ചുപാലം നിർമ്മാണം പ്രതിസന്ധിയിലായി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിൽ അത്തിക്കയം - കടുമീൻചിറ റോഡിലാണ് പാലം നിർമ്മിക്കുന്നത്. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കരാർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമോദ് നാരായൺ എം.എൽ.എ തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് കത്ത് നൽകി. അത്തിക്കയത്ത് നിന്ന് ആരംഭിക്കുന്ന 1.8 കിലോമീറ്റർ റോഡിന്റെ 75 % പണികൾ പൂർത്തിയായിരുന്നു. എന്നാൽ റോഡിന്റെ ആരംഭത്തിലുള്ള അത്തിക്കയം കൊച്ചു പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സമീപന പതയുടെ 80 മീറ്റർ ഭാഗത്തെ പണികൾ ചെയ്തിരുന്നില്ല. കഴിഞ്ഞ ജൂലായിൽ പാലത്തിനോട് ചേർന്ന സംരക്ഷണ ഭിത്തിയുടെ ഭാഗം കനത്ത മഴയിൽ ഇടിഞ്ഞതോടെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. എന്നാൽ കാസർകോട് സ്വദേശിയായ കരാറുകാരൻ തുടർ പ്രവർത്തി ആരംഭിക്കുവാൻ തയ്യാറായില്ല. ജില്ലാ കളക്ടറും റിബിൾഡ് ഉദ്യോഗസ്ഥരും നിരവധി തവണ കത്തുകൾ നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് തദ്ദേശ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |