മലപ്പുറം: ബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മലബാറിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചില്ലെങ്കിൽ വിഷുവിന് നാട്ടിലെത്താൻ പാടുപെടും. കഴിഞ്ഞ വിഷുവിന് ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് അവസാന നിമിഷമാണ് രണ്ട് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത്. ഇതിന് മുമ്പ് തന്നെ ഉയർന്ന നിരക്ക് നൽകി ബസ്, വിമാന ടിക്കറ്റുകൾ പലരും ബുക്ക് ചെയ്തതിനാൽ വേണ്ടത്ര പ്രയോജനപ്പെട്ടില്ല. ഇത്തവണ ചെന്നൈ, ബംഗളൂരു റൂട്ടിൽ രണ്ട് വീതം സ്പെഷൽ ട്രെയിനുകളും മറ്റിടങ്ങളിൽ നിന്ന് ഒരു ട്രെയിനും മുൻകൂട്ടി അനുവദിച്ചാൽ യാത്രാപ്രശ്നത്തിന് പരിഹാരമാവുമെന്ന് മലയാളി അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരുവിൽ ടിക്കറ്റില്ല
ബംഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ പ്രധാനമായും ആശ്രയിക്കുന്ന യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസിൽ (16257) ഈ മാസം 22നാണ് ഇനി തിരൂരിലേക്ക് ടിക്കറ്റുള്ളത്. രാത്രി എട്ടിന് പുറപ്പെട്ട് പുലർച്ചെ 5.55ന് തിരൂരിലെത്തും. വിഷുവിന് തലേദിവസം ഞായർ ആയതിനാൽ ശനിയാഴ്ച തന്നെ നാട്ടിലേക്ക് തിരിക്കാനാണ് എല്ലാവരുടെയും ശ്രമം. ഈ ദിവസം സ്വീപ്പറിൽ 200ന് മുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റ്. എ.സി ടിക്കറ്റും ലഭ്യമല്ല. ഏതാനം തത്ക്കാൽ ടിക്കറ്റുകൾ മാത്രമാണ് ലഭ്യം. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ മംഗലാപുരം എക്സ്പ്രസിന് (16565) വിഷുവിന് മുമ്പ് ഈമാസം ഏഴിനാണ് തിരൂരിലേക്ക് സർവീസുള്ളത്. വിഷു ലക്ഷ്യമാക്കി നാട്ടിലെത്തുന്നവർക്ക് ഈ ട്രെയിൻ പ്രയോജനപ്പെടില്ല.
ചെന്നൈയിൽ നിന്ന് പെടാപ്പാട്
ചെന്നൈയിൽ നിന്ന് തിരൂർ വഴി ദിവസം നാല് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. വിഷു വരെ കേരളത്തിലേക്ക് ടിക്കറ്റില്ല. സ്ലീപ്പർ, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിവയിലൊന്നും ടിക്കറ്റില്ല. വൈകിട്ട് 4.20നുള്ള ചെന്നൈ സെൻട്രൽ - മംഗലാപുരം എക്സ്പ്രസ് (12685), രാത്രി 8.10ന് പുറപ്പെട്ട് രാവിലെ 6.25ന് തിരൂരിലെത്തുന്ന ചെന്നൈ - മംഗലാപുരം മെയിൽ (12601), ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ട് രാത്രി 12.32ന് തിരൂരിലെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637), രാത്രി 11.15ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 1.28ന് തിരൂരിലെത്തുന്ന മംഗലാപുരം എക്സ്പ്രസ് ( 16,159) ട്രെയിനുകളിലും ഇതിനകം ടിക്കറ്റ് തീർന്നിട്ടുണ്ട്. ഉയർന്ന നിരക്കുള്ള തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ഇനി ലഭിക്കുക. ഡൽഹി നിസാമുദ്ദീനിൽ നിന്നുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസിലും ടിക്കറ്റില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |