കൊല്ലം: വിഷരഹിത തണ്ണിമത്തൻ ജനങ്ങളിലേക്ക് എത്തിക്കാൻ കുടുംബശ്രീ ആവിഷ്കരിച്ച 'വേനൽ മധുരം' പദ്ധതി പ്രകാരമുള്ള കൃഷി പുരോഗമിക്കുന്നു. അംഗങ്ങളായ വനിതകൾക്ക് ഉപജീവന മാർഗം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ കഴിഞ്ഞ ഡിസംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ജില്ലയിൽ 47 ജെ.എൽ.ജികൾ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) 10.8 ഹെക്ടറിൽ തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട്. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന് കീഴിലെ കാർഷിക സംയോജിത സംഘങ്ങളുടെ നേതൃത്വത്തിലുള്ള തണ്ണിമത്തൻ കൃഷി വിളവെടുപ്പ് ഘട്ടത്തിലായി. നിലവിൽ രണ്ട് ഹെക്ടറിലെ കൃഷി വിളവെടുക്കാം. ഷുഗർ ബേബി, കിരൺ എന്നീ ഇനങ്ങളാണ് ഇവിടെ വിളയുന്നത്. കുടുംബശ്രീ മുഖേനയും ഈ വർഷത്തെ മറ്റു നാട്ടുചന്തകളിലൂടെയും പ്രാദേശിക കാർഷിക ചന്തകളിലൂടെയും തണ്ണിമത്തൻ വിപണിയിലെത്തിക്കും. ഇതിലൂടെ, കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കർഷക സംഘങ്ങളിലെ അയൽക്കൂട്ടം അംഗങ്ങൾക്കും കൃഷിയുടെ വരുമാനം ലഭിക്കും. കൂടുതൽ അയൽക്കൂട്ട അംഗങ്ങളെ കാർഷിക മേഖലയിലേക്ക് എത്തിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ജെ.എൽ.ജികൾക്ക് റിവോൾവിംഗ് ഫണ്ട്
കുറഞ്ഞത് ഒരു ഏക്കറെങ്കിലും കൃഷി ചെയ്യുന്ന ജെ.എൽ.ജികൾക്ക് 25,000 രൂപ റിവോൾവിംഗ് ഫണ്ട്
കൃഷിയുടെ പുരോഗതി അഗ്രി റിസോഴ്സ് പേഴ്സൺമാർ വിലയിരുത്തും
സംസ്ഥാനത്തെ 14 ജില്ലകളിലായി 758 ഏക്കറിൽ കൃഷി
ഇനങ്ങൾ
പക്കീസ് ഷുഗർ ക്വീൻ കിരൺ മഹാരാജ ഷുഗർ ബേബി ജൂബിലി കിംഗ് ഓറഞ്ച് ഡിലൈറ്റ് യെല്ലോ മഞ്ച്
വേനൽ മധുരം പദ്ധതിയുടെ ജില്ലയിലെ വിളവെടുപ്പ് ഇതുവരെ കഴിഞ്ഞിട്ടില്ല. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് പരമാവധി പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |