കോട്ടയം: സ്വകാര്യമില്ലുകളുടെ നിസഹകരണവും കടുംപിടുത്തവും കാരണം രണ്ടാം കൃഷി നെല്ല് സംഭരണം പാളി. ഇനിയും കൊയ്യാനേറെ,കൊയ്ത നെല്ലിൽ പാതിയോളം സംഭരിച്ചിട്ടില്ലെന്നും കർഷകർ പരാതിപെടുന്നു.
മുഴുവൻ നെല്ലും എന്ന് സംഭരിക്കുമെന്നു പറയാൻ ചുമതലപ്പെട്ട പാഡി ഓഫീസർക്കും കഴിയുന്നില്ല. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പാലിക്കാത്ത മില്ലുകളെ കയറൂരിവിട്ടിരിക്കുകയാണ് അധികാരികളെന്ന് കർഷകർ പറയുന്നു.
വേനൽ മഴയെ തുടർന്ന് നെല്ലിൽ നനവ് കൂടുന്ന പ്രതിസന്ധിയും തണ്ണീർമുക്കം ബണ്ട് തുറക്കണമെന്നുള്ള മത്സ്യത്തൊഴിലാളികളുടെ സമ്മർദ്ദവുമെല്ലാം ചേർന്നുള്ള ആശയക്കുഴപ്പവും നിലനിൽക്കെ ക്രിയാത്മകമായ പരിഹാരം സർക്കാർ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
കുമരകം, തിരുവാർപ്പ്, കുറിച്ചി, വൈക്കം, തലയാഴം , നീണ്ടൂർ, കടുത്തുരുത്തി പ്രദേശങ്ങളിൽ കൊയ്ത്തു പൂർത്തിയായിട്ടില്ല. സംഭരണവും പാതി വഴിയിൽ താളം തെറ്റി. മുഴുവനായി നെല്ലെടുക്കാതെ ഉപേക്ഷിച്ചു പോയ മില്ലുകാരെകാത്തിരിക്കുകയാണ് പല പാടങ്ങളിലുംകർഷകർ. വേനൽ മഴയിൽ നെല്ല് നശിക്കാതെ സംരക്ഷിക്കാൻ കർഷകർ പാടുപെടുകയുമാണ്.
പാഡി ഓഫിസ് പാടെ പരാജയം
സപ്ലൈകോ കോട്ടയത്തു സംഭരണത്തിന് 44 മില്ലുകളെ ചുമതലപ്പെടുത്തിയിരുന്നു. സമീപ സ്ഥലങ്ങളിലെ മില്ലുകൾ മാത്രമാണ് പേരിനെങ്കിലും സംഭരണത്തിനുള്ളത്.ചിലപാടശേഖരങ്ങളിലെ നെല്ല് പൂർണമായി മില്ലുകൾ എടുക്കാതെ ഉപേക്ഷിച്ചു പോവുന്ന സംഭവം ആവർത്തിച്ചിട്ടും കാഴ്ചക്കാരായി നിൽക്കാനേ പാഡി ഓഫീസിനു കഴിയുന്നുള്ളു. ജില്ലാകളക്ടർ വിളിച്ച യോഗത്തിലെ ഒത്തു തീർപ്പ് വ്യവസ്ഥകൾ മില്ലുകൾ ലംഘിച്ചിട്ടും മില്ലുകൾക്കെതിരെ നടപടി എടുക്കാനോ ബ്ലാക്ക് ലിസ്റ്റിൽ പെടുത്താനോ കഴിയുന്നില്ല .
കിഴിവ് കൊള്ള തുടരുന്നു
വേനൽ മഴ ശക്തമായി നെല്ലിന് നനവ് കൂടിയതോടെ നെല്ല് നശിക്കാതിരിക്കാൻ മില്ലുകൾ പറയുന്ന കിഴിവ് അംഗീകരിക്കാൻ കർഷകർ നിർബന്ധിതരാവുന്ന സാഹചര്യം മുതലെടുത്ത് തോന്നുന്ന കിഴിവാണ് മില്ലുകൾ ആവശ്യപ്പെടുന്നത്. രണ്ടു കിലോയിൽ തുടങ്ങിയ കിഴിവ് എട്ടുമുതൽ പത്തുകിലോ വരെ ചിലയിടങ്ങളിൽ എത്തി. ഏകീകൃത കിഴിവിന് മില്ലുകളെ നിർബന്ധിക്കാൻ പാഡി ഓഫീസിന് കഴിയുന്നില്ല. ജില്ലാ കളക്ടറുമായുള്ള ചർച്ചയിൽ അംഗീകരിച്ച വ്യവസ്ഥകൾ കാറ്റിൽ പറത്തി ഏകപക്ഷീയമായി തോന്നുന്ന കിഴിവ് പ്രഖ്യാപിക്കുകയും മുഴുവൻ നെല്ലും സംഭരിക്കാതെ മുങ്ങുകയും ചെയ്യുന്ന മില്ലുകൾക്കെതിരെ നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്കു കഴിയാത്തത് 'പരസ്പര അഡ്ജസ്റ്റ്മെന്റെ'ന്നാരോപിക്കുകയാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |