മധുര: കേരളത്തിൽ മൂന്നാം തവണയും ഭരണം കിട്ടുന്നത് ദേശീയ തലത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് സി.പി.എം രാഷ്ട്രീയ അവലോകന റിപ്പോർട്ട്. തുടർഭരണത്തിന് യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ ബംഗാളിലും ത്രിപുരയിലും വീണ്ടും അധികാരത്തിലെത്താനുള്ള സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തനം സജീവമാക്കിയാൽ തിരിച്ചുവരവ് സാദ്ധ്യമാവും. അടിസ്ഥാനതലം മുതൽ പാർട്ടിയെ വളർത്തിയെടുക്കണം.
ഇന്ത്യാ സഖ്യത്തെ നിർജീവമാക്കിയത് കോൺഗ്രസ് നിലപാടുകളാണ്. സാമ്പത്തിക സമീപനത്തിൽ കോൺഗ്രസ് മാറ്റം വരുത്തിയിട്ടില്ല. ചങ്ങാത്ത മുതലാളിത്തത്തിനെതിരെ സംസാരിക്കുമ്പോഴും അതിനെ പ്രോത്സാഹിപ്പിക്കുന്ന നവഉദാരവത്കരണത്തിന്റെ വക്താക്കളാവുകയാണ്. ഹിന്ദുത്വ അജൻഡയ്ക്കെതിരെ ദേശീയ നേതൃത്വം നിലപാടെടുക്കുന്നുണ്ടെങ്കിലും ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ ചിലപ്പോഴെങ്കിലും വിട്ടുവീഴ്ച കാട്ടുന്നുണ്ട്. ബി.ജെ.പിയുടെ അതേ വർഗ താത്പര്യങ്ങൾ കോൺഗ്രസും പ്രകടമാക്കുന്നു. മതേതര ശക്തികളുടെ വിശാല ഐക്യനിരയെന്ന ആവശ്യകത മുൻനിറുത്തി മാത്രമാവണം കോൺഗ്രസിനോടുള്ള പാർട്ടി സമീപനം. എന്നാൽ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നും കരട് പ്രമേയത്തിൽ വിശദമാക്കുന്നു.
മുടിപ്പിൽ നിന്ന്
തകർച്ചയിലേക്ക്
2002ലെ 17-ാം കോൺഗ്രസ് മുതൽ പാർട്ടി വളർച്ചാമുരടിപ്പിന്റെ സൂചനകൾ നൽകിയിട്ടും മുരടിപ്പിൽ നിന്ന് തകർച്ചയിലേക്കാണ് പോയതെന്ന പരാമർശം രാഷ്ട്രീയ അവലോകനരേഖയിലുമുണ്ട്. പശ്ചിമബംഗാളിലെയും തൃപുരയിലെയും ബഹുജനാടിത്തറ തകർന്നതോടെ സ്ഥിതി ഗുരുതരമായി. തകർച്ചയെന്നത് പൊതുസ്വഭാവമായി മാറി. ഈ പ്രതിസന്ധി നേരിടാൻ 2015ലെ കൊൽക്കൊത്ത പ്ലീനം മുതൽ തുടർച്ചയായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടും ഫലമുണ്ടാകാത്തത് വിമർശനത്തിന് ഇടവരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |