ആലുവ: മലയാളി യുവാവിനും ഗ്രീക്ക് യുവതിക്കും ആലുവ ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ പ്രണയസാഫല്യം. ആലുവ ചുണങ്ങംവേലി എസ്.ജി നിവാസിൽ സുരേഷ് - ബബിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷും ഗ്രീസ് സ്വദേശി പരസ്കെവിയും തമ്മിലുള്ള വിവാഹം ഇന്നലെ ഹിന്ദുമതാചാരപ്രകാരം ക്ഷേത്രത്തിൽ നടന്നു.
അഭിനവ് അഞ്ച് വർഷത്തോളമായി ഇംഗ്ലണ്ടിൽ സീനിയർ അസിസ്റ്റന്റ് കെയററായി ജോലി ചെയ്യുകയാണ്. സഹപ്രവർത്തകയായിരുന്നു പരസ്കെവി. ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും വീട്ടുകാരുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ചു.
പരസ്കെവിയുടെ അമ്മ ക്രിസ്റ്റിന, സഹോദരൻ ക്രിസ്റ്റോ എന്നിവരുൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം വിവാഹത്തിൽ പങ്കെടുക്കാനെത്തി. കഴിഞ്ഞ 26-ന് അഭിനവിനൊപ്പമാണ് പരസ്കെവി ഇംഗ്ലണ്ടിൽ നിന്ന് ആലുവയിലെത്തിയത്. 27-ന് പരസ്കെവിയുടെ ബന്ധുക്കൾ ഗ്രീസിൽ നിന്നുമെത്തി. വൈകിട്ട് ചേരാനല്ലൂർ എടശ്ശേരി റിസോർട്ടിൽ ബന്ധുക്കൾക്കായി വിരുന്നു സത്കാരവും ഒരുക്കിയിരുന്നു.
വിവാഹം പ്രതിഷ്ഠാദിനത്തിൽ
ക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് വിവാഹം നടന്നതെന്നതാണ് പ്രത്യേകത. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരി, മേൽശാന്തി ഇടവഴിപുറത്തു രജ്ഞിത്ത് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.എസ്. സലിമോൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, സെക്രട്ടറി ടി.പി. സന്തോഷ്, ട്രഷറർ കെ.എൻ. നാരായണൻകുട്ടി എന്നിവരും വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |