ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ അഗ്നിക്കാവടി അഭിഷേകം സമാപിച്ചു. നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ നൂറുകണക്കിന് മുരുക ഭക്തർ ഇക്കുറി കനലാട്ടത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിലെ മുരുകനടയിലെ കാവടിത്തറയിൽ മുപ്പതടിയോളം ചതുരശ്രമായി ടൺകണക്കിന് വിറക് കൂട്ടിയാണ് അഗ്നി ജ്വലിപ്പിച്ചത്.ഇന്നലെ പുലർച്ചെ 3.30ന് ഒരു സംഘം പൂജാരിമാരുടെ നേതൃത്വത്തിൽ ആഴി പൂജയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.ക്ഷേത്രനടയിൽ നിന്നും മുരുകഭക്തർ പെരുങ്ങുഴി മേടയിൽ മുത്താരമ്മൻ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി.തുടർന്ന് അഗ്നിക്കാവടി ഘോഷയാത്രയായി പുറപ്പെട്ട് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച ശേഷം മുരുകസന്നിധിയിലെ ആഴിയിൽ ചാടി കനലാട്ടം ആരംഭിച്ചു.അഗ്നിക്കാവടി അഭിഷേകം കാണുന്നതിനായി ആയിരക്കണക്കിന് ഭക്തരാണെത്തിയത്.പാൽക്കാവടി ഘോഷയാത്രകൾ രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ആയിരക്കണക്കിന് ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്ര പരിസരം നിറഞ്ഞു. ഉത്സവ സമാപന ദിവസമായ ഇന്ന് രാവിലെ 6.30ന് കണികാണിക്കൽ ചടങ്ങ്,6.45ന് അഷ്ടദ്രവ്യാഭിഷേകം,7ന് മഹാഗണപതിഹോമം,9ന് കലശാഭിഷേകം,9.30ന് തിരുവാതിരപ്പൊങ്കാല.തുടർന്ന് പ്രഭാതഭക്ഷണം,10ന് ദേവിക്ക് പട്ടും താലിയും സമർപ്പണം,11.30ന് തിരുവാതിര സദ്യ,വൈകിട്ട് 5ന് കാഴ്ചശ്രീബലി,5.30ന് ആറാട്ടെഴുന്നള്ളത്ത്,6ന് അഴൂരമ്മ നൃത്തവേദിയുടെ വീരനാട്യം,രാത്രി 8ന് മെഗാഹിറ്റ് ഗാനമേള,10.30ന് ശേഷം തൃക്കൊടിയിറക്ക്,ആറാട്ടുകലശം,10.45ന് പാനകനിവേദ്യം,മഹാനിവേദ്യം,ചമയവിളക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |