ആലപ്പുഴ: പുന്നപ്രയിൽ പ്രവർത്തിക്കുന്ന മിൽമ മാർക്കറ്റിംഗ് സെല്ലിലെ മുൻ മാനേജർക്കും, താൽക്കാലിക ജീവനക്കാരനായ അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർക്കുമെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നവംബറിൽ മിൽക്ക് ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന കച്ചവടത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഡയറി സന്ദർശിക്കാനും, സ്റ്റാളിൽ നിന്ന് മൊത്തനിരക്കിൽ ഉത്പന്നങ്ങൾ വാങ്ങാനും അവസരം ഒരുക്കിയിരുന്നു. ഈ കച്ചവടത്തിൽ ഇരു ജീവനക്കാരും അഴിമതി നടത്തിയതായാണ് പരാതി ഉയർന്നത്. അന്വേഷണം ഊർജ്ജിതമായതോടെ താൽക്കാലിക ജീവനക്കാരൻ അടുത്തിടെ കുറച്ചു പണം ഓഫീസിൽ തിരികെയടച്ചതായും പറയപ്പെടുന്നു. ആരോപണ വിധേയയായ മുൻ മാനേജരെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. താൽക്കാലിക ജീവനക്കാരനായ അസി മാർക്കറ്റിംഗ് ഓഫീസർ മിൽമയുടെ പുന്നപ്ര സെല്ലിൽ തുടരുന്നുണ്ട്. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് സംഘം ഓഫീസിൽ നിന്ന് രേഖകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |