തിരുവനന്തപുരം: മികച്ച ആശുപത്രികളില്ല. ഉള്ളവയിൽ ചികിത്സ കിട്ടില്ല. ക്ളെയിം നിരസിക്കും. ജൂൺ 30ന് കാലാവധി തീരുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസിന്റെ അവസ്ഥയാണിത്. ഈ രീതിയിൽ പുതുക്കിയാൽ ചേരാതിരിക്കാൻ അനുവദിക്കണമെന്നാണ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അപേക്ഷ.
മുഴുവൻ പേരും നിർബദ്ധമായി ചേരണമെന്നാണ് വ്യവസ്ഥ. 5.45 ലക്ഷം ജീവനക്കാരും 5.81 ലക്ഷം പെൻഷൻകാരും മാസം 500 രൂപ വച്ച് നൽകണം. നക്കാപ്പിച്ച പെൻഷൻ വാങ്ങുന്നവരായാലും ലക്ഷങ്ങൾ ശമ്പളം പറ്റുന്നവരായാലും പ്രീമിയം തുക ഒന്നുതന്നെ. 19 ലക്ഷം ആശ്രിതരുമുൾപ്പെടെ 30.26 ലക്ഷം ഗുണഭോക്താക്കളുണ്ട്.
സ്പെഷ്യാലിറ്റി സൗകര്യമുള്ള കൂടുതൽ ആശുപത്രികളെ മെഡിസെപ്പിന്റെ ഭാഗമാക്കാൻ കഴിയാത്തതാണ് പ്രധാന പരാജയം. പെട്ടെന്ന് ഗുരുതര അസുഖം ബാധിച്ചാൽ മെഡിസെപ്പുള്ള ആശുപത്രി തേടിപ്പോകുമ്പോഴേക്കും രോഗിയുടെ കാര്യത്തിൽ തീരുമാനമാകുന്ന സ്ഥിതി. ഇതുകാരണം, ക്ളെയിമുണ്ടായിട്ടും കാശുമുടക്കി അടുത്തുള്ള ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു, മെഡിസെപ്പുള്ള പല ആശുപത്രികളും കള്ളക്കളി നടത്തുന്നുമുണ്ട്. ഒട്ടുമിക്ക മെഡിക്കൽ എമർജൻസികളെയും റീ ഇംബേഴ്സിന് പരിഗണിക്കില്ല. ഹൃദയാഘാതം, അപകടം എന്നിവ മാത്രം എമർജൻസി ഗണത്തിൽപ്പെടുത്തി റീ ഇംബേഴ്സ്‌മെന്റ് അനുവദിക്കും. മെഡിക്കൽ ക്ലെയിമുകൾ നിരസിച്ചാൽ ഓംബുഡ്മാനിലാണ് പരാതി നൽകേണ്ടത്. എന്നാൽ മെഡിസെപ്പിൽ സർവീസ് സംഘടനകൾ വഴി സർക്കാരിന് പരാതി നൽകുന്നതാണ് രീതി. ഇതു ഫലവത്താകുന്നില്ല.
റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ
മെഡിസെപ് നടത്തിപ്പിലെ പാളിച്ചകൾ ഉൾപ്പെടെ പഠിക്കാനും പുതിയ നിർദ്ദേശങ്ങൾ വയ്ക്കാനും സർക്കാർ നിയോഗിച്ച ഡോ.ശ്രീറാം വെങ്കിട്ടരാമൻ കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതു പഠിച്ചശേഷം തുടരണോയെന്ന് സർക്കാർ തീരുമാനിക്കും. വ്യവസ്ഥകളും നിരക്കുകളും പരിഷ്‌കരിച്ച് ടെൻഡർ വിളിക്കുകയാണ് അടുത്ത നടപടി.
നഷ്ടമെന്ന് കമ്പനിയും
2022 ജൂണിൽ മൂന്നു വർഷത്തേക്കാണ് മെഡിസെപ് തുടങ്ങിയത്. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് സർക്കാർ വർഷം നൽകുന്നത് 500 കോടിയാണ്. എന്നാൽ, ആദ്യവർഷം തന്നെ 717കോടിക്ക് ക്ലെയിം വന്നു. 697കോടി രൂപയുടേത് അംഗീകരിച്ച് പണം നൽകി. പ്രീമിയത്തിൽ 50 രൂപയുടെയെങ്കിലും വർദ്ധനയാവശ്യപ്പെട്ട് കമ്പനി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |