പത്തനംതിട്ട : ടിക്കറ്റ് ഇതര വരുമാനത്തിനായി കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവീസ് ജില്ലയിൽ മുടന്തുന്നു. മാസം അഞ്ചുകോടി രൂപ അധിക വരുമാനം ലക്ഷ്യമിട്ട പദ്ധതിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കുന്നില്ല. ഇപ്പോൾ മുപ്പത് രൂപ മുതൽ 5000 രൂപ വരെയാണ് ജില്ലയിലെ പല ദിവസത്തെയും വരുമാനം. മാസം ഇരുപതിനായിരം മുതൽ അൻപതിനായിരം വരെയുമാണ് ലഭിക്കുക. വരുമാനം ലഭിക്കാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ജീവനക്കാർക്ക് വേതനം നൽകാൻ തന്നെ നല്ലൊരു തുക കെ.എസ്.ആർ.ടി.സി ചെലവാകുന്നുണ്ട്. വരുമാനമില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോയാൽ കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരും. ഡിപ്പോ ടു ഡിപ്പോ വിധത്തിലാണ് കൊറിയർ സർവീസ്. ജില്ലയിലെ പത്തനംതിട്ട, തിരുവല്ല, അടൂർ ഡിപ്പോകളിൽ 24 മണിക്കൂറും ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ഡിപ്പോകളിലായി നാല് പേർ ജോലി ചെയ്യുന്നുണ്ട്. 2015ൽ ആണ് ജില്ലയിൽ പദ്ധതി ആരംഭിക്കുന്നത്. പിന്നീട് നിലച്ചു. 2023 മേയിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.
വേഗത്തിലുള്ള കൈമാറ്റം
പാഴ്സൽ ലഭിച്ച് അടുത്ത ബസിൽ തന്നെ കൊറിയർ അയക്കും. മറ്റു കൊറിയർ സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. ലഭിക്കേണ്ട വിലാസവും അയയ്ക്കുന്ന ആളിന്റെ വിലാസവും ഫോൺ നമ്പരും കൃത്യമായി അധികൃതർക്ക് നൽകണം. ഉപഭോക്താവിന് എം.എം.എസ് മുഖേന യഥാസമയം വിവരങ്ങൾ ലഭിക്കും. ബസിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊറിയർ ബോക്‌സിലാകും പാഴ്‌സൽ സൂക്ഷിക്കുക. പത്തനംതിട്ട സ്റ്റേഷൻമാസ്റ്ററുടെ ഓഫീസിന് സമീപമാണ് കൊറിയർ സർവീസിന്റെ ഫ്രണ്ട് ഓഫീസ്.
അയൽസംസ്ഥാനങ്ങളിലേക്കും
ബംഗ്ലൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗകോവിൽ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് നടത്തുന്നു.
കൊറിയർ സേവനം ലഭിക്കുന്ന ജില്ലയിലെ
കെ.എസ്.ആർ.ടി.സി ഡിപ്പോകൾ
പത്തനംതിട്ട, തിരുവല്ല, അടൂർ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |