തിരുവനന്തപുരം: മന്ത്രി വീണാ ജോർജുമായി ഇന്നലെ നടത്തിയ ചർച്ചയിലും ഓണറേറിയം വർദ്ധന, വിരമിക്കൽ ആനുകൂല്യം എന്നിവയിൽ തീരുമാനമുണ്ടാകാത്തതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ, നിരാഹാര സമരം തുടരുമെന്ന് ആശാവർക്കർമാർ അറിയിച്ചു. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ആശമാർ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ കിടന്ന് രണ്ടു മണിക്കൂർ പ്രതിഷേധിച്ചു.
ആവശ്യങ്ങൾ ആരോഗ്യവകുപ്പിന് മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ലെന്നും ധനകാര്യ, തൊഴിൽ വകുപ്പുകളുടെ പരിധിയിലുള്ള വിഷയങ്ങളാണെന്നും ചർച്ചയിൽ മന്ത്രി പറഞ്ഞു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മൂന്ന് വകുപ്പുകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിയെ നിയോഗിച്ച് തീരുമാനമെടുക്കാമെന്നും അറിയിച്ചു. സമിതി ഓരോ സംഘടനാ ഭാരവാഹികളെയും പ്രത്യേകം കേട്ട് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഓണറേറിയം 10,000 രൂപയായെങ്കിലും വർദ്ധിപ്പിക്കണമെന്നായിരുന്നു ആശമാരുടെ നിലപാട്. കേന്ദ്ര തീരുമാനത്തിനും സമിതി റിപ്പോർട്ടിനും അനുസരിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി മറുപടി നൽകിയെങ്കിലും ആശമാർ തൃപ്തരായില്ല. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത മറ്റ് ട്രേഡ് യൂണിയൻ ഭാരവാഹികൾ സർക്കാർ നിലപാടാണ് പ്രായോഗികമെന്ന അഭിപ്രായം പങ്കുവച്ചു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ വി.കെ.സദാനന്ദൻ,എം.എ.ബിന്ദു,എസ്.മിനി,കെ.പി.റോസമ്മ,സി.ഐ.ടിയു നേതാക്കളായ കെ.എസ്.സുനിൽകുമാർ,കെ.എൻ.ഗോപിനാഥ്,ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരൻ,കൃഷ്ണവേണി ജി.ശർമ്മ,സൈബ താജുദ്ദീൻ,എ.ഐ.ടി.യു.സി നേതാവ് സജിലാൽ,എസ്.ടി.യു നേതാവ് റഹ്മത്തുള്ള തുടങ്ങിയവരാണ് ചർച്ചയ്ക്ക് എത്തിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഓൺലൈനായി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |