കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാകും. സംസ്ഥാനത്തിന്റെ കയറ്റുമതി മേഖലയ്ക്കും തിരിച്ചടിയാകും. സമുദ്രോത്പന്നങ്ങൾ, കയർ, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്‌സ്റ്റൈൽസ്, വജ്ര, സ്വർണാഭരണങ്ങൾ, നാളീകേര ഉത്പന്നങ്ങൾ എന്നിവയാണ് കേരളത്തിൽ നിന്നുള്ള കയറ്രുമതി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ശരാശരി 3% തീരുവയാണ് നിലവിൽ ഈടാക്കുന്നത്.
ഇന്ത്യയടക്കം 60 പ്രധാന രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്കാണ് നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന തീരുവ ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, ഏഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തീരുവയാണ് ഇന്ത്യയ്‌ക്കുള്ളത്. പകരച്ചുങ്കം ഏപ്രിൽ ഒമ്പത് മുതൽ പ്രാബല്യത്തിലാകും. അതുവരെ അമേരിക്ക ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 10% അടിസ്ഥാന തീരുവ ഈടാക്കും.
അതേസമയം, ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്‌ടർ എന്നിവയെ പകരച്ചുങ്കത്തിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യക്ക് ഗുണമാകും. അലുമിനിയം, സ്റ്റീൽ, വാഹനങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയ്‌ക്ക് നേരത്തെ നികുതി ഏർപ്പെടുത്തിയതിനാൽ ഇത്തവണ ഒഴിവാക്കി.
ട്രംപിന്റെ പ്രഖ്യാപനങ്ങളുടെ പ്രത്യാഘാതങ്ങൾ പരിശോധിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനയ്ക്ക് വലിയ തിരിച്ചടി
ചൈനീസ് ഉത്പന്നങ്ങൾക്ക് 34% തീരുവ ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 25%ത്തിന് പുറമേയാണിത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈന 67% നികുതിയാണ് ഈടാക്കുന്നത്. കമ്പോഡിയൻ ഉത്പന്നങ്ങൾക്ക് 49%, വിയറ്റ്‌നാമിന് 46% പകരച്ചുങ്കവും ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയന് 20%. ജപ്പാന് 24%.
തീരുവ കൂട്ടിയ പ്രധാന
ഇന്ത്യൻ ഉത്പന്നങ്ങൾ
ടയർ, മത്സ്യം,മാംസം, ശീതീകരിച്ച സമുദ്രോത്പന്നങ്ങൾ,ഡയമണ്ട്, മെഡിക്കൽ ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, സംസ്‌കരിച്ച പെട്രോളിയം ഉത്പന്നങ്ങൾ, അരി, തുണിത്തരങ്ങൾ തുടങ്ങിയവ
65,000 കോടി രൂപ
അമേരിക്കയിലേക്ക് ഇന്ത്യയുടെ
സമുദ്രോത്പന്ന കയറ്റുമതി
6.75 ലക്ഷം കോടി രൂപ
അമേരിക്കയിലേക്കുള്ള
ഇന്ത്യയുടെ കയറ്റുമതി
3.54 ലക്ഷം കോടി രൂപ
അമേരിക്കയിൽ നിന്നും
ഇന്ത്യ വാങ്ങുന്നത്
''പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത സുഹൃത്താണങ്കിലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ 52% തീരുവയാണ് പതിറ്റാണ്ടുകളായി
ഈടാക്കുന്നത്. വർഷങ്ങളായി ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് യാതൊരു തീരുവയും അമേരിക്ക ഈടാക്കുന്നില്ല. അമേരിക്കയോട് നീതിപരമായല്ല ഇന്ത്യ പെരുമാറുന്നത്.
-ഡൊണാൾഡ് ട്രംപ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |