ചെന്നൈ: എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ പ്രണയസരോവരം സൃഷ്ടിച്ച കാൽപ്പനിക നായകൻ രവികുമാറിന് (71) മലയാളത്തിന്റെ അന്ത്യാഞ്ജലി. ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അന്ത്യം. അർബുദം മൂർച്ഛിച്ചതോടെ ബുധനാഴ്ചയായിരുന്നു ആശുപത്രിയിലെത്തിച്ചത്. ഭൗതികശരീരം ചെന്നൈ വൽസരവാക്കത്തെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ചെന്നൈ പോരൂരിൽ നടക്കും.
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിൽ 1954ലാണ് ജനിച്ചത്. ഭാര്യ: റാണി രവികുമാർ, മകൻ: വസന്ത് മേനോൻ.
നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും രവികുമാർ അഭിനയിച്ചിട്ടുണ്ട്. 1967ൽ പുറത്തിറങ്ങിയ ഇന്ദുലേഖയാണ് ആദ്യചിത്രം. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലും പ്രണയചിത്രങ്ങളിലും തിളങ്ങി.
ലക്ഷപ്രഭു, ഉല്ലാസയാത്ര, നീലസാരി, റോമിയോ, അയൽക്കാരി, അഭിനന്ദനം, അമ്മ, ആശിർവാദം, സമുദ്രം, അവളുടെ രാവുകൾ, സൈന്യം എന്നിങ്ങനെ തുടങ്ങി ഒടുവിൽ മോഹൻലാലിന്റെ ആറാട്ടിലും മമ്മൂട്ടി നായകനായ സി.ബി.ഐ 5ലും വരെ രവികുമാർ അഭിനയിച്ചു.അവളുടെ രാവുകളടക്കം ഐ.വി.ശശിയുടെ ആദ്യകാല സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായകനായി തിളങ്ങിയ നടനായിരുന്നു രവികുമാർ.
എഴുപതുകളിലും എൺപതുകളിലും മുൻനിര നായകനായിരിക്കെ തന്നെ വില്ലൻ വേഷങ്ങളും ചെയ്തിരുന്നു രവി. മധുവിനെ നായകനാക്കി എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിന് പരിചിതനാക്കിയത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും ശ്രദ്ധേയനായി. 1974 ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചു. ഉല്ലാസയാത്രയിലാണ് ആദ്യം നായകനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |