ബുഡാപെസ്റ്റ്: ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐ.സി.സി) അംഗത്വം പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് ഹംഗറി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ ഹംഗറിയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഗാസയിലെ യുദ്ധക്കുറ്റത്തിന്റെ പേരിൽ നെതന്യാഹുവിനെതിരെ ഐ.സി.സി നവംബറിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ നെതന്യാഹുവിനെ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ രാജ്യത്തേക്ക് ക്ഷണിച്ചു. ഐ.സി.സിയുടെ ഉത്തരവിന് തന്റെ രാജ്യത്ത് പ്രസക്തിയുണ്ടാകില്ലെന്നും ഒർബാൻ വ്യക്തമാക്കിയിരുന്നു.
കരാറിൽ ഒപ്പുവച്ച രാജ്യങ്ങളിൽ മാത്രമേ ഐ.സി.സിക്ക് അധികാരമുള്ളൂ. കോടതിക്ക് സ്വന്തമായി പൊലീസുമില്ല. വാറണ്ടുള്ള വ്യക്തികൾ കരാറിലൊപ്പിട്ട രാജ്യങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. അത് ആ രാജ്യങ്ങൾക്ക് തീരുമാനിക്കാം.
ഇസ്രയേൽ, റഷ്യ, യു.എസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ കോടതിയിലെ അംഗങ്ങളല്ല. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങി 125 അംഗങ്ങളുണ്ട്. ഐ.സി.സിയിൽ നിന്ന് പിൻമാറുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാകും ഹംഗറി. പിന്മാറ്റം സംബന്ധിച്ച് ഹംഗറി യു.എൻ സെക്രട്ടറി ജനറലിന് രേഖാമൂലമുള്ള അറിയിപ്പ് നൽകണം. പിന്മാറ്റം പ്രാബല്യത്തിൽ വരാൻ ഒരു വർഷം വേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |