തൃശൂർ: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന അശരണർക്ക് സാന്ത്വനവെട്ടം പകരുന്ന അന്തിക്കാട് സാന്ത്വനം ട്രസ്റ്റ് ആൻഡ് സ്‌പെഷ്യൽ സ്‌കൂൾ സാമ്പത്തിക പരാധീനതകളുടെ നടുവിൽ. 23 വർഷത്തിന്റെ നിറവിലുള്ള സ്‌കൂൾ സുമനസ്സുകളുടെ സഹായത്താലാണ് ഇത്രയും വർഷം മുന്നോട്ടു പോയിരുന്നത്. എന്നാൽ തികച്ചും സൗജന്യമായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന സാന്ത്വനം ഇന്ന് ഏറെ ബുദ്ധിമുട്ടിലാണെന്ന് ഭാരവാഹികൾ പറയുന്നു. ഒരു വിദ്യാർത്ഥയുടെ ഒരു വർഷത്തേക്കുള്ള പഠന ചെലവ് ഏകദേശം 15000 രൂപയിലേറെ വരും. നാലു വയസു മുതൽ 56 വയസുവരെയുള്ള 96 വിദ്യാർത്ഥിനി, വിദ്യാർത്ഥികൾ സാന്ത്വനത്തിൽ പഠനം നടത്തുന്നുണ്ട്. പൊന്നോമനകൾക്കൊരു കൈത്താങ്ങ് എന്നൊരു പദ്ധതി ഇതിനായി നടപ്പിലാക്കി വരുന്നുണ്ട്. ഒരു വിദ്യാർത്ഥിയുടെ ഒരു വർഷത്തേക്കുള്ള പഠനച്ചെലവ് സ്‌പോൺസർ ചെയ്യുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പഠനചെലവിനായി നെട്ടോട്ടം...
അദ്ധ്യാപക അനദ്ധ്യാപകരുൾപ്പെടെ 19 സ്റ്റാഫുകളും സ്‌കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്. പ്രത്യേകം അദ്ധ്യാപകരെ വച്ച് കലാകായിക പരിശീലനവും നൽകുന്നുണ്ട്. പരിസര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നുള്ളവരേയും സാന്ത്വനത്തിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ചിത്രരചന, നൃത്തം തുടങ്ങിയ മത്സരങ്ങളും നടത്തുന്നുണ്ട്. നാലു സ്‌കൂൾ വണ്ടികളും 30 സെന്റ് സ്ഥലവും, ഒരു സ്‌കൂൾ കെട്ടിടവും സാന്ത്വനത്തിന് സ്വന്തമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ക്ലാസ്സ് മുറികളും സജ്ജമാക്കിയിട്ടുണ്ട്.
സർക്കാരിൽ നിന്ന് മുൻപ് സഹായങ്ങൾ കിട്ടിയിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. സാമ്പത്തികസഹായങ്ങൾ ലഭിച്ചില്ലെങ്കിൽ സാന്ത്വനത്തിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും.
എം.പി ഷാജി, മാനേജിംഗ് ട്രസ്റ്റി
സഹായം നൽകാൻ: സാന്ത്വനം ട്രസ്റ്റ്, കാത്തലിക് സിറിയൻ ബാങ്ക് അന്തിക്കാട് ബ്രാഞ്ച്. അക്കൗണ്ട് നമ്പർ: 019402281423195001.IFSC: CSBK0000194
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |