തിരുവനന്തപുരം: ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിലും ആവേശം ചേരാതെ ആശമാർ.കുടപിടിച്ചും സമരപ്പന്തലിൽ തിങ്ങിക്കൂടി നിന്നുമാണ് സമരം തുടർന്നത്. ഇത് ജീവിതമാണ്, മഴയിലും വെയിലിലും തളർന്നാൽ ഒരടി മുന്നോട്ടായാൻ പറ്റില്ലെന്ന തിരിച്ചറിവാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്ന് ആശാപ്രവർത്തകർ പറയുന്നു. ശക്തമായ മഴ തോർന്നതോടെ ആശാപ്രവർത്തകരും നേതാക്കളും സെക്രട്ടേറിയറ്റിന് മുന്നിലൂടെ പാത്രം കൊട്ടി പ്രതിഷേധപ്രകടനം നടത്തി.
കൊടുംവെയിലിൽ 55 ദിവസം പിന്നിട്ട രാപകൽ സമരവും,16 ദിവസം പിന്നിട്ട നിരാഹാര സമരവുമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്നത്.ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില പരിശോധിച്ചു.
പിന്തുണയുമായി
പാചകത്തൊഴിലാളികൾ
സ്കൂൾ പാചകത്തൊഴിലാളികൾ ഇന്നലെ ആശാവർക്കർമാർക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന അതിജീവന സമരത്തിനെത്തിയ പാചകത്തൊഴിലാളികളാണ്, തങ്ങളുടെ സമരം തുടങ്ങും മുൻപ് ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയത്.
ലക്ഷ്യം കാണുംവരെ സമരം: എം.എ.ബിന്ദു
മൂന്നാംവട്ട ചർച്ചയിലും സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു ശ്രമവുമുണ്ടാകാത്ത സ്ഥിതിക്ക് ലക്ഷ്യം കാണുംവരെ സമരം തുടരാനാണ് തീരുമാനമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദു കേരളകൗമുദിയോട് പറഞ്ഞു.
തത്കാലത്തേക്ക് സമരം സെറ്റിൽ ചെയ്യാൻ തയ്യാറാണെന്നും, മൂവായിരം രൂപ വർദ്ധിപ്പിച്ചിട്ട് പടിപടിയായി ഓണറേറിയം വർദ്ധിപ്പിക്കട്ടെ എന്ന നിലപാടായിരുന്നു ഞങ്ങൾക്ക്. പക്ഷേ അതും സാദ്ധ്യമല്ലെന്ന നിലപാടായിരുന്നു ആരോഗ്യമന്ത്രിയുടേത്. സമരത്തിന്റെ 53-ാം ദിവസം വിളിച്ചിട്ട് കമ്മിഷൻ എന്നൊക്കെ പറയുന്നത് ന്യായമാണോ. സമരത്തിന്റെ തുടക്കത്തിൽ കമ്മിഷനെ നിയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒരു തീരുമാനത്തിലെത്തുമായിരുന്നല്ലോയെന്നും ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |