പാലക്കാട്: വേതനം ലഭിക്കാതെ സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിസന്ധിയിൽ. 2024 ഡിസംബറിനു ശേഷം 14 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. പാലക്കാട് ജില്ലയിലെ 1,55,656 തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാത്രം കേന്ദ്ര സർക്കാർ കുടിശ്ശികയായി നൽകാനുള്ളത് 78 കോടി രൂപയാണ്. 546.67 കോടി രൂപയാണ് സംസ്ഥാനത്തിനാകെ വേണ്ടത്. ഇതുകൂടാതെ സാധന സാമഗ്രികൾ വാങ്ങാനുള്ള തുകയും കിട്ടാനുണ്ട്. രണ്ടാഴ്ച കൂലി ലഭിച്ചില്ലെങ്കിൽ പിഴയോടുകൂടി കൂലി നൽകണമെന്ന തൊഴിലുറപ്പ് നിയമം നിലനിൽക്കുമ്പോഴാണ് ഈ ദുരവസ്ഥ. കൂടുതൽ തൊഴിൽ ദിനങ്ങൾ അനുവദിക്കാത്തതും സാധാരണക്കാരായ തൊഴിലാളികളെ അലട്ടുന്നുന്നുണ്ട്.
രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴിൽ നൽകി അതുവഴി ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2005ൽ നിലവിൽ വന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമത്തിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 തൊഴിൽ ദിനങ്ങൾ നൽകണം. എന്നാൽ തൊഴിലാളികൾ 11 കോടി തൊഴിൽദിനങ്ങൾ ആവശ്യപ്പെട്ടിട്ടും ആറുകോടി മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. നിലവിൽ 8.57 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയിൽ 1,55,656 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ 18,415 കുടുംബങ്ങൾ 100 ദിവസം പൂർത്തിയാക്കി. കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും നാളിതുവരെ 346 രൂപ മാത്രമാണ് തൊഴിലാളികളുടെ ദിവസക്കൂലി. കൂലി വർദ്ധിപ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. തൊഴിലാളികൾക്ക് അവകാശപ്പെട്ട ക്ഷേമ പദ്ധതികൾക്കും വിലങ്ങിട്ടിരിക്കുകയാണ്. ശമ്പളക്കുടിശിക അനുവദിക്കുക, തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കുക, ജോലി സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെയാക്കുക, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞമാസം 28ന് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ സമരം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |