ആലപ്പുഴ : തുടർച്ചയായ മൂന്നാംദിവസവും മില്ലുടമകൾ നിസ്സഹകരണം തുടർന്നതോടെ കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലായി. കിഴിവിന്റെ പേരിലുള്ള ചൂഷണത്തിന് വഴങ്ങാത്ത കർഷകരുടെ നെല്ല് സംഭരിക്കാൻ മില്ലുടമകൾ കൂട്ടാക്കുന്നില്ല. കളക്ടർക്ക് നൽകിയ ഉറപ്പുപോലും പാലിക്കാത്ത മില്ലുടമകൾക്കും അവരുടെ ഏജന്റുമാർക്കുമെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമാണ്.
കൊയ്ത നെല്ലിന്റെ മൂന്നിൽ ഒന്ന് ഭാഗവും ഇപ്പോഴും പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴയും കർഷകരെ വേവലാതിപ്പെടുത്തുന്നു. മഴയെ ഭയന്ന് മില്ലുകാർ ആവശ്യപ്പെട്ടത്ര കിഴിവ് സഹിച്ചും നെല്ല് നൽകാൻ ചില പാടശേഖരങ്ങളിൽ കർഷകർ നിർബന്ധിതരായി.
കിഴിവ് തർക്കത്തിൽ സംഭരണം തടസപ്പെട്ടതോടെ കഴിഞ്ഞദിവസം മങ്കൊമ്പ് പാഡി ഓഫീസിൽ കർഷകർ പ്രതിഷേധവുമായെത്തിയിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ഉപരോധം സബ് കളക്ടറെത്തി നടത്തിയ ചർച്ചക്കൊടുവിലാണ് അവസാനിച്ചത്. ആദ്യം ആവശ്യപ്പെട്ടതിന്റെ പകുതി കിഴിവിൽ അടുത്തദിവസം മുതൽ നെല്ല് സംഭരിക്കാമെന്ന് അന്ന് മില്ലുകാർ സമ്മതിച്ചെങ്കിലും പിന്നീട് നിസ്സഹകരണം തുടരുകയായിരുന്നു. കിഴിവ് കൂടുതൽ നൽകുമ്പോൾ കർഷകർക്ക് അധികമായി ഉണ്ടാകുന്ന നഷ്ടം മുഖ്യമന്ത്രിയെ ധരിപ്പിക്കാമെന്ന കളക്ടറുടെ ഉറപ്പിലാണ് കർഷകർ ഉപരോധം അവസാനിപ്പിച്ചത്.
എച്ച് ബ്ലോക്ക് പഴയ പതിനാലായിരം കായൽ, കാവാലം കൃഷിഭവൻ പരിധിയിലെ മണിയങ്കരി, രാമങ്കരി കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി, ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ഉമ്പുക്കാട് വരമ്പിനകം എന്നീ പാടശേഖരങ്ങളിലാണ് കൊയ്തെടുത്ത നെല്ല് ദിവസങ്ങളായി കെട്ടികിടക്കുന്നത്.
ഫലിക്കാതെ ഇടപെടലുകൾ
മഴയെത്തിയതോടെ ഒരു ക്വിന്റൽ നെല്ലിന് 8മുതൽ14കിലോവരെ കിഴിവ് മില്ലുകാർ ചോദിച്ചതാണ് കർഷകരുമായുള്ള തർക്കത്തിന് തുടക്കമിട്ടത്
വേനൽമഴ എത്തുന്നതിന് മുമ്പ് കടുത്ത വേനലിൽ സംഭരിച്ച നെല്ലിനും മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടിരുന്നു
ഇന്നലെ പാഡി വിഭാഗം ഉദ്യോഗസ്ഥർ കളക്ടറുമായും സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തിയിരുന്നു
എന്നാൽ മില്ലുടമകൾ അനുരഞ്ജനത്തിന് തയ്യാറാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം
കൊയ്തെടുത്ത നെല്ല്
98819.86 ടൺ
സംഭരിച്ച നെല്ല്
61296.76 ടൺ
പ്രതിസന്ധി സൃഷ്ടിക്കുന്നത്
സംഭരിക്കുന്ന ഒരു ക്വിന്റൽ നെല്ലിന് 68കിലോ അരി മില്ലുകാർ സിവിൽ സപ്‌ളൈസ് കോർപ്പറേഷന് നൽകണമെന്നാണ് കേന്ദ്ര നിബന്ധന. എന്നാൽ, 64.5 കിലോ നൽകിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ മില്ലുടമകളുമായി ധാരണയിലെത്തിയിരുന്നു. പക്ഷേ, 68 കിലോ അരി നൽകണമെന്ന കോടതി ഉത്തരവ് തടസമായതോടെ 3.5 കിലോ അരിയുടെ പേരിലുള്ള തർക്കം പരിഹരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സംഭരണ കരാറിൽ ഒപ്പുവച്ചിട്ട് പിൻമാറുന്ന മില്ലുകാരുടെ പേരിൽ ദുരന്തനിവരാണ നിയമമോ അവശ്യ സർവീസ് നിയമമോ ചുമത്തി നടപടി സ്വീകരിക്കണം- ബേബി പാറക്കാടൻ, പ്രസിഡന്റ്, നെൽകർഷക-നാളികേര കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |