പത്തനംതിട്ട : ലഹരിയിൽ നിന്ന് മോചനം നേടാൻ കോഴഞ്ചേരി ജില്ലാആശുപത്രി തയ്യാറാക്കിയ ലഹരി മോചന ഒ.പിയിൽ മൂന്ന് മാസത്തിനിടെ എത്തിയത് 128 പേർ. കഴിഞ്ഞ ജനുവരി മുതൽ ലഹരി മോചന ഒ.പി ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ ഒ.പിക്ക് സമീപം പ്രവർത്തിയ്ക്കുന്നുണ്ട്. ഒരു മാസം നാൽപതിൽ അധികം പേർ ഇവിടെ ചികിത്സയ്ക്കായെത്തുന്നു. യുവാക്കളാണ് ഏറെയും.
പുകവലി, മദ്യപാനം, മറ്റ് ലഹരി എന്നിവ ഉപയോഗിക്കുന്നവരെ രോഗിയുടെ ആരോഗ്യ സ്ഥിതിയനുസരിച്ചാണ് ചികിത്സിക്കുക. ഇതിൽ മാനസിക പിന്തുണ നൽകി കൗൺസലിംഗ് നടത്തേണ്ടവരും മരുന്നുകൾ നൽകി ചികിത്സ എടുക്കേണ്ടവരും ഉണ്ടാകും. സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ടി.സാഗർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.ടി.സന്ദീഷ് എന്നിവരാണ് ലഹരിമോചന ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.
കൗമാരക്കാർ നിരവധി
ലഹരി ഉപയോഗവും പെരുമാറ്റ പ്രശ്നങ്ങളുമായി കൗമാരക്കാരും ജില്ലാ ആശുപത്രിയിലെ ലഹരി മോചന ക്ലിനിക്കിലെത്താറുണ്ട്. അമിതമായ ഉത്കണ്ഠ, പുകവലി , പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയാണ് കൗമാരക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ 23 മാനസികാരോഗ്യ ക്ലിനിക്കുകളിൽ നിന്ന് അയയ്ക്കുന്ന വിദ്യാർത്ഥികളും സ്കൂളുകളിലെ മാനസികാരോഗ്യ ക്ലബുകളിൽ നിന്ന് വിടുന്നവരുമെല്ലാം ചികിത്സതേടാറുണ്ട്.
തിങ്കൾ മുതൽ ശനിവരെ ഉച്ചയ്ക്ക് ഒന്ന് വരെ ഒ.പി പ്രവർത്തിക്കും
ജനുവരി മുതൽ ഇതുവരെ എത്തിയത് 128 പേർ
സ്ത്രീകളോ പെൺകുട്ടികളോ ഇതുവരെ ഒ.പിയിൽ എത്തിയിട്ടില്ല
നാളുകളായി ഇത്തരം ഒരു ക്ലിനിക്കിന് രൂപം നൽകിയിട്ട്. ലഹരിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ചികിത്സിച്ച് ഭേദമാക്കാറുണ്ട്. കുടുംബാംഗങ്ങളാണ് കൂടുതലും ആളുകളെ ആശുപത്രിയിൽ എത്തിയ്ക്കുന്നത്. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം (പുകവലി, വെറ്റില മുറുക്ക്, മൂക്കിപ്പൊടി) മുതലായ എല്ലാത്തര ഉപയോഗങ്ങളും നിറുത്തുന്നതിനുള്ള സൗജന്യ സേവനം ഒ.പി യിൽ ലഭ്യമാണ്.
ടി.സാഗർ
സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |