കുന്ദമംഗലം: മഹാത്മാഗാന്ധിയെ നിന്ദിച്ചതിനും ഗോഡ്സെയെ പ്രകീർത്തിച്ചതിനും സമ്മാനമായി ലഭിച്ച ഡീൻ പദവി രാജിവെച്ച് ഒഴിയാൻ ഷൈജ ആണ്ടവൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗാന്ധി നിന്ദ നടത്തിയ കോഴിക്കോട് എൻ.ഐ.ടി യിലെ അദ്ധ്യാപിക ഷൈജ ആണ്ടവന് നൽകിയ ഡീൻ പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.കെ.രാഘവൻ എം.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് സമാനതകൾ ഇല്ലാത്ത ധീരോദാത്തമായ നേതൃത്വം നൽകിയ ഗാന്ധിജിയെയാണ് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിലെ അദ്ധ്യാപിക നിന്ദിച്ചിരിക്കുന്നത്. ഗാന്ധിജിയേയും നെഹ്റുവിനെയും നിന്ദിക്കുന്നതും ഗാന്ധിവധം പുനരാവിഷ്കരിക്കുന്നതും. ഇത് അംഗീകരിക്കാൻ കഴിയാത്തതും അനുവദിച്ചുകൂടാത്തതുമാണ്. ക്യാമ്പസുകളെ അപകടകരമായ വിധത്തിൽ കാവിവത്കരിക്കുന്നതിനു കേന്ദ്രസർക്കാരും സർക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും കൂട്ടുനിൽക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ കെ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ, കെ.സി അബു, കെ.എം അഭിജിത്ത്, എം.എ റസാക്ക്, നിജേഷ് അരവിന്ദ്, വി.എം ഉമ്മർ, യു.വി ദിനേശ്മണി, ആഷിക് ചെലവൂർ, മാഞ്ചുഷ് മാത്യു, കെ.ഏ ഖാദർ, ഡോ.ഹരി പ്രിയ,എം.എം വിജയകുമാർ, ഇ.എം ജയപ്രകാശ്, കെ.പി ബാബു, കെ രാമചന്ദ്രൻ, ദിനേശ് പെരുമണ്ണ, എൻ.പി ഹംസ, വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാൻ, പ്രൊഫ. ക്രിസ്റ്റീ ആർ.ഷഹിൻ, അഹമ്മദ് കുട്ടി അരയങ്കോട് എന്നിവർ പ്രസംഗിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ഉപവാസ സമരം വൈകുന്നേരം അഞ്ചുമണിക്ക് ഇ ടി മുഹമ്മദ് ബഷീർ എംപി നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. സമാപന സമ്മേളനത്തിൽ മുൻ എം.എൽ.എ യു.സി രാമൻ, പി.കെ ഫിറോസ്, കെ.പി അബ്ദുൽ മജീദ്, പി.പി നൗഷീർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |