മുടങ്ങിയത് രണ്ടു ദിവസം
കോഴിക്കോട്: റോഡുകൾ വെട്ടിപ്പൊളിച്ചിട്ട് ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ രണ്ടുദിവസമായി കുടിവെള്ളം മുട്ടി നഗരം. വെള്ളിയാഴ്ച അർധരാത്രി മുടങ്ങിയ കുടിവെള്ളവിതരണം ഇന്ന് രാത്രിയോടെ പുനരാരംഭിക്കുമെന്നാണ് അധികൃതർ പറയുന്നതെങ്കിലും കുടിവെള്ളം പൂർണമായി തിങ്കളാഴ്ച ഉച്ചയോടെ സാധാരണഗതിയിലാവുമെന്ന് വാട്ടർ അതോറിറ്റി. മലാപ്പറമ്പ് ജംഗ്‌ഷനിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പ്രധാനപൈപ്പ് റോഡിൽ നിന്നും പുറത്തേക്ക് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് രണ്ട് ദിവസത്തേക്ക് നഗരത്തിലേക്ക് പൂർണമായി കുടിവെള്ളവിതരണം നിർത്തിയത്. ഇതോടെ നിലവിൽ വർൾച്ച നേരിടുന്ന കോഴിക്കോട് കോർപറേഷനുകളിലെ വാർഡുകളിലും ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂർ, അരിക്കുളം പഞ്ചായത്തുകളിലെല്ലാം കുടിവെള്ള വിതരണം തടസപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ കുടിവള്ള ക്ഷാമം അനുഭവിക്കുന്നതാണ്. രണ്ടുദിവസം പൂർണമായി കുടിവെള്ളം നിർത്തിയതോടെ ജനം വലിയ പ്രയാസത്തിലാണ്. കോർപറേഷൻപരിധിയിൽ അത്യാവശ്യക്കാർക്ക് കുടിവെള്ളമെത്തിക്കാൻ സംവിധാനമാക്കിയെങ്കിലും പലയിടത്തും വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്.
കുടിവെള്ള ടാങ്കുകൾ ഇവിടെ
നഗരത്തിൽ എരവത്ത് കുന്ന് സൗത്ത് - നോർത്ത്, ബേപ്പൂർ, എലത്തൂർ, മലാപ്പറമ്പ്, പൊറ്റമ്മൽ, കോവൂർ, ബാലമന്ദിരം, ഈസ്റ്റ്ഹിൽ, ചെരുവണ്ണൂർ എന്നിവിടങ്ങളിലാണ് കുടിവെള്ള ടാങ്കുകൾ ഉള്ളത്. ഇവിടുന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം പോകുന്നത്. വരൾച്ചയായതോടെ ഇവിടുന്നുള്ള കുടിവെള്ള വിതരണവും പലപ്പോഴും ഇടവിട്ട ദിവസങ്ങളിലാണ്. പൈപ്പ് മാറ്റലിന്റെ ഭാഗമായി രണ്ടുദിവസം പൂർണമായും കുടിവെള്ളം നിന്നതോടെ പ്രദേശത്തുകാർ വലിയ ദുരിതത്തിലാണ് പെട്ടത്.
പൈപ്പ് മാറ്റിസ്ഥാപിക്കൽ പ്രതിസന്ധി കൊണ്ടു മാത്രമാണ് കുടിവെള്ള വിതരണപ്രശ്‌നമുണ്ടായത്. ഇന്ന് രാത്രിയോടെ പ്രവൃത്തി പൂർത്തിയാകും. അതിരൂക്ഷ പ്രശ്‌നമുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി നേരിട്ട് ടാങ്കറിൽ വെള്ളമെത്തിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ പൈപ്പമാറ്റൽ പൂർത്തിയാക്കി പെരുവണ്ണാമൂഴിയിൽ നിന്ന് പമ്പിങ്ങ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. എങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാവും വീടുകളിലേക്ക് വെള്ളമെത്തുക.
സനിത്ത്.പി, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |