കോഴഞ്ചേരി :പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പരിശീലന കളരികൾ ഇന്ന് തുടങ്ങും . ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കളരി . 6,7 തീയതികളിലായി മൂന്നു മേഖലകളായി തിരിച്ചാണ് പരിശീലനം. കിഴക്കൻ മേഖലയിലെ കളരി ചെറുകോൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്യും. ആറന്മുള പാഞ്ചജന്യം ഓഡറ്റോറിയത്തിൽ നടക്കുന്ന മദ്ധ്യമേഖലയുടെ പരിശീലന പരിപാടിയിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറൻ മേഖലയുടെ കളരി ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ക്ഷേത്ര ഓഡറ്റോറിയത്തിൽ എൻഎസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. എൻ. സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം ട്രഷറർ രമേശ് മാലമേൽ അദ്ധ്യക്ഷത വഹിക്കും. പരിശീലനത്തിൽ പങ്കെടുത്തവർ 12 ന് ആറന്മുള ക്ഷേത്രത്തിൽ വഞ്ചിപ്പാട്ട് പാടി സമർപ്പണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തും. 8,9,10 തീയതികളിലായി ആറന്മുള സത്രക്കടവിൽ നടക്കുന്ന നീന്തൽ പരിശീലനം ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രതാപചന്ദ്രൻ നേതൃത്വം നൽകും. 11 ന് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ജില്ലാ ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ റോബർട്ട് നേതൃത്വം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9496273275 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ എം. കെ ശശികുമാർ (പരിശീലന കളരി ജനറൽ കൺവീനർ) പി.ആർ. ഷാജി (കൺവീനർ) സി. കെ. ജയപ്രകാശ്,(കൺവീനർ) പ്രസന്നകുമാർ തൈമറവുംകര (കൺവീനർ ) എന്നിവർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |